കിളിമാനൂർ: ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവുനായകൾ പെറ്റുപെരുകുന്നതിൽ പൊറുതിമുട്ടി ജനം. അധികൃതരുടെ അലംഭാവം പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. കാടിറങ്ങുന്ന വന്യജീവികൾക്കൊപ്പം നായകളെ കൂടി ഭയക്കേണ്ട അവസ്ഥയിലാണ് ജനങ്ങളിപ്പോൾ. കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. വിളകളും വളർത്തുമൃഗങ്ങളും നായകളുടെ ആക്രമണത്തിനിരയാകുന്നത് നിത്യ സംഭവമായിക്കഴിഞ്ഞു. ഇരുമ്പ് കൂടുകൾ വരെ തകർത്താണ് കോഴികളെയും ആടുകളെയും നായകൾ കൊല്ലുന്നത്. മനുഷ്യർക്കു നേരെയുള്ള ആക്രമണവും വേറെ. ഈ വിഷയത്തെ മുൻനിർത്തി നിരവധി പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാനാകില്ലെന്ന് നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളെല്ലാം തെരുവ് നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.