
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 97 -ാമത് മഹാസമാധി ദിനം ഭക്തർക്ക്
പുണ്യദിനമാണെന്നും ,ദു:ഖിക്കാനുള്ളതല്ലെന്നും ശിവഗിരി മഠം അറിയിച്ചു.
കറുത്ത കൊടി കെട്ടുക, കറുത്ത ബാഡ്ജ് ധരിക്കുക, ദു:ഖ സൂചകമായി ഗുരു മന്ദിരങ്ങളിലെ ഗുരുദേവ വിഗ്രഹം മറച്ചു വയ്ക്കുക, ഗുരുമന്ദിരം അടച്ചിടുക, ഗുരുപൂജ ഒഴിവാക്കുക തുടങ്ങിയ ചടങ്ങുകൾ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് മദ്ധ്യ തിരുവിതാംകൂറിലെ ചില മന്ദിരങ്ങളിൽ കാണുന്നതിനാലാണ് ഈ കുറിപ്പ്. പുതിയ ആചാരങ്ങൾ സൃഷ്ടിക്കരുത്. മഹാസമാധി ദിനത്തിൽ രാവിലെ മുതൽ മഹാസമാധി സമയമായ ഉച്ച കഴിഞ്ഞ് 3.30 വരെ ഉപവാസം. അഷ്ടാക്ഷരീ നാമജപമാകാം. മഹാസമാധി സമയത്ത് ഗുരുസ്തവം, , ദൈവദശകം എന്നീ പ്രാർത്ഥനകളും അഷ്ടോത്തര നാമ പുഷ്പാഞ്ജലീ മന്ത്ര ജപവും സഹോദരൻ അയ്യപ്പൻ എഴുതിയ മഹാസമാധി ഗാനവും ജപിക്കുന്നത് നന്നായിരിക്കും. ആവശ്യമെങ്കിൽ അഷ്ടാക്ഷരീ നാമ ജപത്തോടെ ശാന്തിയാത്ര . തുടർന്ന് അന്നദാനം. ഈ ക്രമമനുഷ്ഠിക്കുന്നത് നന്നായിരിക്കും
. മഹാസമാധി ദിനത്തിൽ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാതെ ഗുരുദേവ കൃതിയുടെ പാരായണവും ജപധ്യാനവും പ്രബോധനവുമാകാം. ചിങ്ങം 1 ന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ബോധാനന്ദ സ്വാമിയുടെ സമാധി ദിനമായ സെപ്തംബർ 25 ന് പര്യവസാനിക്കും. തദവസരത്തിൽ ശ്രീനാരായണ മാസാചരണാവസാനവും ധർമ്മചര്യായജ്ഞവും ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനവും നടത്താവുന്നതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു.
തിരുവോണം ബമ്പർ
വില്പന 37 ലക്ഷത്തിലേയ്ക്ക്
തിരുവനന്തപുരം: 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പർടിക്കറ്റിന്റെ വില്പന 37 ലക്ഷത്തിലേയ്ക്ക്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ വിറ്റുപോയി. വില്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി ബോധവത്കരണ പ്രചാരണം വകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.
റേഷൻ വാങ്ങിയവർക്ക്
മസ്റ്ററിംഗ് വേണ്ട
തിരുവനന്തപുരം: ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ റേഷൻ കടകളിൽ എത്തി ഇ പോസ് യന്ത്രത്തിൽ വിരൽപതിപ്പിച്ചു റേഷൻ വാങ്ങിയ മുൻഗണനാ കാർഡുകളിലെ അംഗങ്ങൾ ഇനി മസ്റ്ററിംഗ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിംഗ് നടത്തിയവരും പങ്കെടുക്കേണ്ടതില്ല. ഒരു കുടുംബത്തിലെ എല്ലാവരും ഒരേസമയം എത്തി മസ്റ്ററിംഗ് നടത്തേണ്ടതില്ല. പ്രഖ്യാപിച്ചിരിക്കുന്ന തീയതിക്കു മുൻപ് മസ്റ്ററിംഗ് നടത്തുകയാണു വേണ്ടത്.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡംഗങ്ങളുടെ ബയോ മെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചതോടെ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം. നിലവിൽ 47 ലക്ഷത്തോളം പേർ മസ്റ്ററിംഗ് നടത്തിയതായാണ് ഏകദേശ കണക്ക്. 1.53 കോടി അംഗങ്ങളുടെ മസ്റ്ററിംഗ് ഒക്ടോബർ 8ന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ശ്രീനാരായണദാസിന്റെ
റേഡിയോ പ്രഭാഷണം നാളെ
തിരുവനന്തപുരം : മഹാസമാധി ദിനത്തോടനുബന്ധിച്ച് അഡ്വ. ടി.കെ. ശ്രീനാരായണദാസിന്റെ റേഡിയോ പ്രഭാഷണം 21ന് രാവിലെ 9ന് ആകാശവാണിയുടെ തിരുവനന്തപുരം-ആലപ്പുഴ നിലയങ്ങൾ പ്രക്ഷേപണം ചെയ്യും. ആകാശവാണിയുടെ മറ്റു കേരളനിലയങ്ങളും പ്രഭാഷണം പ്രക്ഷേപണം ചെയ്യും.