
ആറ്റിങ്ങൽ: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് വൃദ്ധയ്ക്ക് ഗുരുതര പരിക്ക്.വൃദ്ധയുടെ ഇരുകാലുകളിലൂടെയും അതേ ബസിന്റെ ടയർ കയറിയിറങ്ങി.തുടർന്ന് വർക്കല സ്വദേശി മറിയാമ്മയെ (73) ബസിടിച്ച് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.15ഓടെ ആറ്റിങ്ങൽ പാലസ് റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വർക്കലയ്ക്ക് പോകുന്നതിനായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് എത്തിയതായിരുന്നു മറിയാമ്മ.
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സംഗീത മറിയാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഉടൻ മറ്റു യാത്രക്കാർ ബഹളം വച്ച് ബസ് തടഞ്ഞുനിറുത്തി. മറിയാമ്മയെ ആംബുലൻസിൽ ആശുപത്രിയിലാക്കി. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.