
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്ക ഇന്ന് അക്രമത്തിന്റെ പാതയിലാണോ എന്നു തോന്നിക്കുന്നതാണ് സ്ഥാനാർത്ഥിയായ ട്രംപിനെതിരെ രണ്ടുമാസത്തിനുള്ളിൽ നടന്ന രണ്ട് വധശ്രമങ്ങൾ. ജനാധിപത്യത്തിന്റെ ഉത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പു വേളയിലാണ് അക്രമം അരങ്ങേറിയതെന്നത് ഭയാശങ്കകളോടെ വേണം നോക്കിക്കാണുവാൻ. ജനാധിപത്യത്തിന്റെയും സ്വാതന്ത്രത്തിന്റെയും വിളഭൂമിയായ അമേരിക്ക ഇന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷത്തിന്റെയും വിഭജനത്തിന്റെയും ഭാഷയിലാണ് സംസാരിക്കുന്നത്. ഇതൊരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമോ എന്നുള്ള വിലയിരുത്തലുകൾ വരെയുണ്ട്. അതുകൊണ്ടാണ് ഈ വധശ്രമത്തെ രാഷ്ട്രീയവും സാംസ്കാരികവുമായിട്ടുള്ള ജനാധിപത്യത്തിന്റെ ഒരു അപചയമായി കാണുന്നത്. ഘടനാപരമായി അമേരിക്കൻ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രശ്നമാണിത്.
പോർവിളിയിൽനിന്ന്
അക്രമത്തിലേക്ക്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം പരിശോധിച്ചാൽ ഇരുചേരികളും പരസ്പര ബഹുമാനമില്ലാത്ത പോർവിളിയും അക്രമണോത്സുകമായ ഭാഷയുമാണ് ഉപയോഗിച്ചു കാണുന്നത്. ഡെമോക്രാറ്റ്സും കമലാ ഹാരിസും രാജ്യദ്രോഹികളാണെന്നും രാജ്യസുരക്ഷയ്ക്ക് അപകടകരവുമാണെന്ന് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ട്രംപ് കുറ്റപ്പെടുത്തുമ്പോൾ, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണ് ട്രംപും റിപ്പബ്ളിക്കൻ പാർട്ടിയുമെന്നാണ് കമലാ ഹാരിസ് തിരിച്ചടിക്കുന്നത്. ചില വിശകലനങ്ങളിൽ ട്രംപിനെ ഹിറ്റ്‌ലറിനു സമാനമായാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഒരു ഏകാധിപത്യ ഭരണമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന വാദം ശക്തമായിട്ടുണ്ട്.
എന്നാൽ വലതുപക്ഷ സംഘടനകൾ പറയുന്നത് മറ്റുമാർഗങ്ങൾ പരാജയപ്പെട്ടപ്പോൾ ട്രംപിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ്. ഇലോൺ മസ്കിനെപ്പോലെ ട്രംപ് പക്ഷത്തുള്ളവർ ചോദിക്കുന്നത്, എന്തുകൊണ്ടാണ് ബൈഡനും ഹാരിസിനുമെതിരെ വധശ്രമങ്ങൾ നടക്കാത്തതെന്നാണ്. എന്നുപറഞ്ഞാൽ ഇരുകൂട്ടരും ഏതു രീതിയിലുള്ള അക്രമപാതയിലൂടെയാണെങ്കിലും എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു അല്ലെങ്കിൽ അത്തരം ശ്രമങ്ങളെ ഒരുപരിധിവരെ നിശബ്ദമായിട്ടെങ്കിലും അംഗീകരിക്കുന്നു എന്നുവേണം മനസിലാക്കേണ്ടത്. ട്രംപിനെതിരെ നടന്ന അക്രമങ്ങൾക്കു പിന്നിൽ ബൈഡനും ഹാരിസും നടത്തിയ പ്രസ്താവനകളാൽ പ്രേരിതരായിട്ടുള്ളവരാണ്. ഇത്തരത്തിലുള്ള പരസ്പര വെല്ലുവിളികൾ ഒരു ആഭ്യന്തര സംഘർഷത്തിലേക്ക് നയിക്കുമോ എന്ന ഭയപ്പാടിലാണ് അമേരിക്ക.
അക്രമം
പുതുമയല്ല
അമേരിക്കൻ ജനാധിപത്യത്തിൽ പല ഘട്ടങ്ങളിൽ അക്രമവും സംഘർഷവും ആഭ്യന്തര യുദ്ധവുമൊക്കെ കടന്നുവന്നിട്ടുണ്ട്. അമേരിക്കയുടെ സ്വാതന്ത്ര്യവും പിന്നീടുണ്ടായ, അടിമത്തത്തിനെതിരെ നടന്ന പോരാട്ടവുമൊക്കെ സംഘർഷപൂരിതമായിരുന്നു. ചരിത്രം പരിശോധിച്ചാൽ അമേരിക്കയിൽ പ്രസിഡന്റുമാരായ നാലുപേർ പദവിയിലിരിക്കെ വധിക്കപ്പെട്ടിരുന്നു. മറ്റു രണ്ടുപേർക്ക് വധശ്രമത്തിൽ പരിക്കേറ്റിട്ടുമുണ്ട്. 1968ൽ മാർട്ടിൻ ലൂഥർ കിംഗും പ്രസിഡന്റ് ജോൺ എഫ്. കെനഡിയും രണ്ടുമാസത്തിന്റെ വ്യത്യാസത്തിലാണ് വധിക്കപ്പെടുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പ്രസിഡന്റ് ട്രംപിനെതിരെ നടന്നിട്ടുള്ള വധശ്രമങ്ങൾ.
ട്രംപ് തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചരിത്രം അദ്ദേഹത്തിനുണ്ട്. 2021-ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ക്യാപിറ്റൽ ഹില്ലിലേക്ക് തന്റെ അനുയായികളെ ഇളക്കിവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ട്.
രാഷ്ട്രീയ
അപചയം
ഇന്ന് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായ വലിയ അപചയത്തിന്റെ വേദിയാണ്. തിരഞ്ഞെടുപ്പിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കോടതികളുടെ പക്ഷാപാതപരമായ നിലപാടുകൾ മൂലമാണ് ട്രംപിന് ഇപ്പോൾ മത്സരിക്കുവാൻ പോലും സാധിക്കുന്നത്. 2021-ൽ നടന്ന തിരഞ്ഞെടുപ്പിനെ ട്രംപും അനുകൂലികളും അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല, അസത്യ പ്രചാരണങ്ങൾ അമേരിക്കൻ ജനാധിപത്യത്തിന്റെ ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ പരസ്പരം ഉന്നയിക്കുന്ന പോർവിളി അത്തരമൊരു ജനാധിപത്യ സ്വഭാവത്തെയല്ല കാണിക്കുന്നത്. രാജ്യം മറ്റുള്ളവർക്കായി കൊട്ടിയടയ്ക്കുക അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ വിഭാഗങ്ങൾക്കും വംശീയർക്കും പ്രവേശനം നിഷേധിക്കുക- ജനാധിപത്യത്തെ തീർത്തും പുറകോട്ടടിക്കുന്ന നയങ്ങളാണ്.
ലോകം എങ്ങനെ
കാണുന്നു?
അമേരിക്കൻ തിരഞ്ഞെടുപ്പ് ലോക രാഷ്ട്രീയത്തെയും ജനാധിപത്യ സ്വഭാവത്തെയും വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്. ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ട്. പ്രത്യേകിച്ചും ഇസ്രയേലിലും യുക്രെയിനിലുമുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, അമേരിക്കയിൽ ആര് ഭരണത്തിൽ വരുമെന്നുള്ളത് ലോക സമാധാനത്തെയും ജനാധിപത്യ മൂല്യങ്ങളെയും വലിയ രീതിയിൽ ബാധിക്കും. ട്രംപ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ വിലയില്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. ലോകത്താകമാനം വലതുപക്ഷ തീവ്രവാദം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ജനാധിപത്യം അട്ടിമറിക്കപ്പെടാനും സാദ്ധ്യതയുണ്ട്. ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഈ നാൾവഴിയെ കണ്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തിന്റെ ശക്തി എന്നു പറയുന്നത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുക എന്നുള്ളതാണ്. ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തെ നവീകരിക്കുന്ന പ്രക്രിയയാണ്. എന്നാൽ ഇന്ന് അമേരിക്കൻ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ നവീകരിക്കുന്നതിനു പകരം ജനാധിപത്യത്തിലൂടെ ഏറ്റവും മൂല്യരഹിതമായ ഒരു വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനമായി മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥിയും പാർട്ടിയുമെടുക്കുന്ന നിലപാടുകൾ പലപ്പോഴും ജനാധിപത്യ വിരുദ്ധമായിട്ടാണ് കാണുന്നത്. കുടിയേറ്റത്തെ സംബന്ധിച്ച് റിപ്പബ്ളിക്കൻ പാർട്ടിയുടെയും ട്രംപിന്റെയുമൊക്കെ നിലപാടുകൾ ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കുവാൻ കഴിയുന്നതല്ല.
അപ്പോൾ, തിരഞ്ഞെടുപ്പിനെ നവീകരിക്കേണ്ട ജനാധിപത്യം ഇവിടെ തിരഞ്ഞെടുപ്പിലൂടെ തീർത്തും ജനാധിപത്യ വിരുദ്ധമായ മൂല്യങ്ങൾക്കുള്ള വേദിയായി മാറിയിട്ടുണ്ടോ എന്നത് വളരെ പ്രസക്തമാണ്. ഇവിടെയാണ് അക്രമ മാർഗത്തിലൂടെയാണെങ്കിലും തിരഞ്ഞെടുപ്പ് വിജയിക്കുക എന്നുള്ള ഒരു സാഹചര്യം ഉരുത്തിരിയുന്നത്. ഇവിടെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് സമാധാനപരമായ തിരഞ്ഞെടുപ്പ് അമേരിക്കയിൽ നടക്കുമോ എന്നുള്ളതാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നയാൾ തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുമോ എന്ന ആശങ്കയുണ്ട്.
ജനാധിപത്യത്തിന്റെ കാതൽ സമാധാനപരമായി മൂല്യാധിഷ്ഠിത ഭരണത്തിന് സാഹചര്യമൊരുക്കുക എന്നതാണ്. എന്നാൽ ജനാധിപത്യ പ്രക്രിയ തന്നെ ജനാധിപത്യ വിരുദ്ധമായി മാറുന്ന കാഴ്ചയാണ് അമേരിക്കയിൽ കാണുന്നത്. ഇത് അമേരിക്കൻ ജനാധിപത്യത്തിനും ലോകസമൂഹത്തിനും ഒട്ടും അഭികാമ്യമല്ല.
(കേരള സർവകലാശാലാ പൊളിറ്റിക്സ് വിഭാഗം പ്രൊഫസറും യു.ജി.സി- എം.എം.ടി.ടി.സി ഡയക്ടറുമാണ് ലേഖകൻ)