
തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളം മുട്ടിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ ലോക റെക്കാഡ് സൃഷ്ടിച്ചെന്ന് കെ. മുരളീധരൻ. കെ.പി.സി.സി നടപ്പാക്കുന്ന മിഷൻ 2025ന്റെ ഭാഗമായി ഡി.സി.സി ഓഫീസിൽ കൂടിയ ജില്ലാ കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, വി.എസ്. ശിവകുമാർ, കെ.പി. ശ്രീകുമാർ, ജി.എസ്. ബാബു, മണക്കാട് സുരേഷ്, എൻ.പീതാംബരകുറുപ്പ്, കെ. മോഹൻ കുമാർ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എ.ടി. ജോർജ്ജ്, എം.ആർ. രഘുചന്ദ്രബാൽ, എം.എ. വാഹീദ്, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് നെടുമങ്ങാട് 23നും വർക്കലയിൽ 28നും ആറ്റിങ്ങലിൽ 29നും ചിറയിൻകീഴിൽ 30നും നടത്താൻ തീരുമാനിച്ചു. ബ്ലോക്ക് ഭാരവാഹികളുടെ നിയമനം 25ന് മുമ്പും വാർഡ് കമ്മിറ്റികളുടെ പുനഃസംഘടന 30നുള്ളിലും പൂർത്തിയാക്കാനും അരുവിക്കര നിയോജകമണ്ഡലത്തിന്റെ ചുമതല എം.എ.വാഹീദിനും തിരുവനന്തപുരം നിയോജകമണ്ഡലത്തിന്റെ ചുമതല എൻ.ശക്തനും നൽകാൻ തീരുമാനിച്ചു. കെ.പി.സി.സി നടപ്പാക്കുന്ന വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ജില്ലയിലെ പാർട്ടി ഭാരവാഹികളുടെയും മണ്ഡലം കമ്മിറ്റികളുടെയും വിഹിതം അടിയന്തരമായി നൽകാനും കോർകമ്മിറ്റി തീരുമാനിച്ചു.