
നെടുമങ്ങാട്: ഹൈവേ പൊലീസിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി തലപുകയ്ക്കുന്ന അധികൃതർ നെടുമങ്ങാട് ഹൈവേ പൊലീസ് ടീമിന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡപകടങ്ങൾ തടയൽ, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ശ്രദ്ധയും സഹായവും നൽകൽ, ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങി നിർണായക ചുമതലകൾ വഹിക്കുന്ന ഹൈവേ പൊലീസിന് ഇവിടെ ഔദ്യോഗിക വാഹനമില്ല. വഴയില മുതൽ പൊന്മുടി വരെയും തെങ്കാശി റോഡിൽ വഞ്ചുവം വരെയും 24 മണിക്കൂറും സേവനം നൽകേണ്ട ഹൈവേ പൊലീസ് കാഴ്ചക്കാരുടെ റോളിലാണ്. ഉണ്ടായിരുന്ന രണ്ടു ഔദ്യോഗിക വാഹനങ്ങൾ കട്ടപ്പുറത്തായിട്ട് മൂന്ന് മാസം പിന്നിടുന്നു.
പൊന്മുടി സംസ്ഥാന ഹൈവേയും തെങ്കാശി അന്തർ സംസ്ഥാന ഹൈവേയും കടന്നുപോകുന്നത് നെടുമങ്ങാട് വഴിയാണ്. ലഹരിവസ്തുക്കളുടെ കടത്തും വാഹനാപകടങ്ങളും പിടിച്ചുപറിയും ഇവിടെ പതിവാണ്. അപകടങ്ങളുണ്ടായാൽ ഓട്ടോ പിടിച്ചും സ്വന്തം ടൂവീലറിലുമാണ് പൊലീസുകാർ സംഭവസ്ഥലത്തെത്തുന്നത്. ബ്രേക്കും ഗിയർബോക്സും തകരാറിലായി ഹൈവേ ടീമിന്റെ ടാറ്റാസുമോ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന്റെ മുറ്റത്ത് വിശ്രമത്തിലാണ്. നൈറ്റ് പട്രോളിംഗ് ടീമിന്റെ ജീപ്പ് കേടായി നഗരസഭാവളപ്പിലും. ചെറിയ തകരാറുകളൊക്കെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ സ്വന്തം കാശ് മുടക്കി അറ്റകുറ്റപ്പണി നടത്തുമായിരുന്നു. ഇപ്പോൾ മെയിന്റനൻസിന് ഭാരിച്ച തുക വേണം.
വർക് ഓർഡർ ഫയലിൽ ഉറങ്ങുന്നു
നെടുമങ്ങാട് പൊലീസ് സബ് ഡിവിഷനിലെ വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണിയും സർവീസും നടത്താൻ ആര്യനാട്ടെ സ്വകാര്യ വർക്ക്ഷോപ്പിന് കരാർ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വർക്ക് ഷോപ്പ് ഉടമ എസ്റ്റിമേറ്റ് തയ്യാറാക്കി മോട്ടോർ ട്രാൻസ്പോർട്ട് വിംഗിന് കൈമാറിയിട്ട് നാളേറെയായി. ബന്ധപ്പെട്ടവർ പരിശോധന റിപ്പോർട്ട് റൂറൽ പൊലീസ് സൂപ്രണ്ടിനും കൈമാറി. റൂറൽ എസ്.പിയുടെ ഓഫീസ് വർക്ക് ഓർഡറും അനുവാദവും നൽകിയാൽ മാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. വർക്ക് ഓർഡർ ലഭിക്കാനുള്ള കാലതാമസമാണ് അറ്റകുറ്റപ്പണി നീണ്ടുപോകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിൽ എറ്റവും കൂടതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സബ് ഡിവിഷൻ ആസ്ഥാനമാണ് നെടുമങ്ങാട്.വാഹനങ്ങളില്ലാതെ മൂന്നു മാസമായി ഹൈവേ ഡ്യൂട്ടിയും നൈറ്റ് പട്രോളിംഗും അനിശ്ചിതത്വത്തിലായിട്ട്.
ഹൈവേ ട്രാഫിക് എൻഫോഴ്സ്മെന്റ്
റോഡപകടങ്ങൾ ഒഴിവാക്കുക, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുക, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം. അനധികൃത വസ്തുക്കൾ കടത്തൽ, ചരക്ക് കടത്ത്, മോഷ്ടിച്ച വാഹനങ്ങൾ പരിശോധിക്കുക, ഹൈവേകളിൽ കുറ്റകൃത്യങ്ങൾ തടയുക, പൊതുജനങ്ങളെ സഹായിക്കുന്നതിന് ചലിക്കുന്ന പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുക.
നെടുമങ്ങാട് ഉൾപ്പെടെ സംസ്ഥാനത്ത് 44 ഹൈവേ പൊലീസ് പട്രോളിംഗുകൾ പ്രവർത്തിക്കുന്നുണ്ട്.