
തിരുവനന്തപുരം: പണം നൽകാമെന്നേറ്റ അവധികൾ പലതു പിന്നിട്ടിട്ടും ബാങ്ക് അധികൃതർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് നേമം സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപ സഹകരണ കൂട്ടായ്മ പ്രതിഷേധ ധർണ നടത്തി.ഓണത്തിന് മുന്നോടിയായി നേമം സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനെത്തിയപ്പോഴാണ് നിക്ഷേപകരോട് ബാങ്ക് അധികൃതർ അവധി പറഞ്ഞു തുടങ്ങിയത്.
വിവാഹം,വിദ്യാഭ്യാസം,രോഗം തുടങ്ങി ആവശ്യങ്ങൾക്കും മറ്റും നിക്ഷേപകർ പണം തിരികെ എടുക്കാനെത്തിയപ്പോൾ ബാങ്ക് അധികൃതർ അവധികൾ പറഞ്ഞ് മടക്കിയത്.
പണമാവശ്യപ്പെട്ട് ഒരാഴ്ച മുൻപ് ബാങ്കിനെ സമീപിച്ചപ്പോൾ പലിശയില്ലാതെ മുതലിന്റെ പത്ത് ശതമാനം വച്ച് ഓരോ മാസവും കൊടുത്ത് തീർക്കാമെന്ന് ബാങ്ക് അധികൃതർ സമ്മതിച്ചിരുന്നതായി നിക്ഷേപകർ പറയുന്നു. അതനുസരിച്ച് ബുധനാഴ്ച ബാങ്കിലെത്തിയവർക്ക് പണം നൽകാതെ മടക്കിയതോടെയാണ് ഇന്നലെ നിക്ഷേപ സഹകരണ കൂട്ടായ്മ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.സാധു സംരക്ഷണസമിതി സെക്രട്ടറി ശാന്തിവിള സുബൈർ,വേണുഗോപാൽ,കൈമനം സുരേഷ്,എസ്.മുജീബ് റഹ്മാൻ,താഹ,അഖില എന്നിവർ സംസാരിച്ചു. നിക്ഷേപകർക്ക് പണം ലഭിക്കുന്നതുവരെ നിക്ഷേപസഹകരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ റിലേ സത്യഗ്രഹ സമരവുമായി മുന്നോട്ട് പോകുമെന്ന് കൂട്ടായ്മ കൺവീനർ എസ്.മുജീബ് റഹ്മാൻ അറിയിച്ചു.