
വിജയവാഡ: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കാൻ ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന ആന്ധ്രയിൽ രാഷ്ട്രീയ വിവാദമായി ആളിക്കത്തുന്നു. ബി.ജെ.പി സംസ്ഥാന നേതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എൻ.ഡി.എ ഭരണത്തിന്റെ 100 ദിനങ്ങൾ ആഘോഷിക്കാൻ വിജയവാഡയിലെ മംഗളഗിരിയിൽ ബുധനാഴ്ച നടന്ന സമ്മേളനത്തിലായിരുന്നു വിവാദ പരമർശം 'ക്ഷേത്രത്തിൽ നൽകുന്ന ലഡുവിൽ ജഗൻമോഹൻ റെഡ്ഡി സർക്കാർ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്. ഇത് ആശങ്കയുണ്ടാക്കി. തങ്ങൾ അധികാരത്തിലെത്തിയ ശേഷം ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത കാക്കാൻ തങ്ങൾ പരിശ്രമിക്കുകയാണ്'- ചന്ദ്രബാബു നായിഡു പറഞ്ഞു.
നാഷണൽ ഡെയറി ബോർഡിന്റെ പരിശോധനയിൽ നെയ്യിൽ മൃഗക്കൊഴുപ്പ് ഉൾപ്പെടെ കണ്ടെത്തി ഇന്നലെ റിപ്പോർട്ട് നൽകിയതോടെ മുഖ്യമന്ത്രിയുടെ വാദത്തിന് സാധുതയേറി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പണം വകമാറ്റി പ്രസാദവും ലഡുവും തയ്യാറാക്കാൻ മായം കലർന്ന ചേരുവകൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ വൈ.എസ്.ആർ.സി.പി നേതാവും എം.പിയും മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി)ചെയർമാനുമായ വൈ.വി സുബ്ബ റെഡ്ഡിക്ക് വിജിലൻസ് ഇന്നലെ നോട്ടീസ് അയച്ചതോടെ പ്രതിപക്ഷം പ്രതിക്കൂട്ടിലായി.
എതിർത്ത് ജഗൻ
നായിഡുവിന്റെ ആരോപണങ്ങൾ വെ.എസ്.ആർ.സി.പി പ്രസിഡന്റും മുൻമുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി നിഷേധിച്ചു.'ദിവ്യ ക്ഷേത്രമായ തിരുമലയുടെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും ഹാനി വരുത്തി ചന്ദ്രബാബു നായിഡു വലിയ പാപം ചെയ്തു'വെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
'' പ്രസാദത്തിൽ ജഗൻമോഹൻ റെഡ്ഡി സർക്കാർ മൃഗക്കൊഴുപ്പ് ഉപയോഗിച്ചത്
എന്നെ ഞെട്ടിച്ചു''- നര ലോകേഷ്, ഐ.ടി.മന്ത്രി
''സമഗ്രമായ അന്വേഷണം വേണം. ജഗൻ മോഹൻ റെഡ്ഡി സർക്കാർ നഗ്നമായ ഹിന്ദു വിരുദ്ധതയോടെയാണ് പ്രവർത്തിച്ചത്.''
-ജി.ഭാനുപ്രകാശ് റെഡ്ഡി, ബി.ജെ.പി സംസ്ഥാന വക്താവ്