പാറശാല: പലപ്പോഴായി മോഷണ ശ്രമങ്ങൾ നടന്നിട്ടുള്ള പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടരയോടടുപ്പിച്ചാണ് സംഭവം. ക്ഷേത്രത്തിലുള്ള സി.സി.ടിവിയിൽ നിന്നുള്ള അലാറം ശബ്ദിച്ചതോടെ ഉടനെ എത്തിയ ക്ഷേത്ര ഭാരവാഹികൾ പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി.
മദ്ധ്യപ്രദേശ് സ്വദേശിയാണ് സംഭവത്തിന് പിന്നിൽ. റോഡുവക്കിലെ ക്ഷേത്രത്തിന്റെ മുൻവശത്തെ ഇരുമ്പ് വേലി ചാടിക്കടന്ന ഇയാൾ ക്ഷേത്രത്തിന് പുറത്തായി സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികൾക്ക് മുന്നിലെത്തി തുറക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ബൈക്കിലെത്തിയ ക്ഷേത്ര ഭാരവാഹികളെ കണ്ട് പുറകുവശത്തെ ഗേറ്റ് ചാടിക്കടന്ന് പോകവെ ഇയാളെ പിന്തുടർന്ന് പാറശാല കാരാളിയിൽ വച്ച് പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട്ടിൽ നടത്തിയ മോഷണത്തിന് ജയിലായിരുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.