
കുളത്തൂർ: എന്തൊക്കെ സാങ്കേതിക തടസവാദങ്ങൾ ഉന്നയിച്ചാലും ജനങ്ങളുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും വികസനം ജനനന്മ ലക്ഷ്യമാക്കിയുള്ളവ ആകണമെന്നും ഡോ.ശശിതരൂർ എം.പി പറഞ്ഞു. ദേശീയപാത 66ൽ കുളത്തൂർ ഗുരുനഗറിൽ അണ്ടർപാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയെ നേരിൽക്കണ്ട് ആവശ്യം ഉന്നയിക്കും.റോഡ് പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞതിനാൽ പുതിയ പദ്ധതി തയ്യാറാക്കി മോഡിഫിക്കേഷൻ വർക്കായി പദ്ധതി നടപ്പാക്കണം.അതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വേണമെന്നും എം.പി പറഞ്ഞു.
അണ്ടർപാസിന് സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ പുഷ്‌ബോക്‌സ് മാതൃകയിൽ അടിപ്പാത നിർമ്മാണത്തിനുള്ള സാദ്ധ്യത ഉദ്യോഗസ്ഥർ പരിശോധിച്ചതായി ചടങ്ങിൽ മുഖ്യാതിഥിയായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. എം.എ.വാഹിദ്,മേടയിൽ വിക്രമൻ,ചേന്തി അനിൽ,ആലുവിള അജിത്,ചെമ്പഴന്തി ഉദയൻ,ആറ്റിപ്ര അനിൽ,ജെ.എസ്.അഖിൽ,കരിക്കകം മണികണ്ഠൻ,സുനി ചന്ദ്രൻ,വി.രാജീവ്,ഷമ്മി,സനൽ,അംബിക തുടങ്ങിയവർ സംസാരിച്ചു.വിവിധ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളും കെ.പി.എം.എസ്,എൻ.എസ്.എസ് തുടങ്ങിയ സംഘടനാ പ്രതിനിധികളും ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തു.കോലത്തുകര ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന കൂട്ടായ്മയിൽ ശാഖാ സെക്രട്ടറി സി.പ്രമോദ് സ്വാഗതവും പ്രണവ് കോലത്തുകര നന്ദിയും പറഞ്ഞു.