
ഉദ്യോഗസ്ഥ അട്ടിമറിക്ക് തടയിട്ടത് കേരളകൗമുദി വാർത്ത
തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ എച്ച്.എം.സി (ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി) ജീവനക്കാരുടെ ബോണസും ഉത്സവബത്തയും പിടിച്ചുവയ്ക്കുകയും വെട്ടിച്ചുരുക്കാൻ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനീക്കം പൊളിഞ്ഞു. 120 ജീവനക്കാരുടെയും അക്കൗണ്ടിൽ അർഹമായ തുക ഇന്നലെ വൈകിട്ടോടെയെത്തി. കഴിഞ്ഞ ഓണത്തിനു ശേഷം 200ദിവസം പൂർത്തിയാക്കിയവർക്ക് 4000രൂപ ബോണസും അതിൽ താഴെ ജോലി ചെയ്തവർക്ക് 2750രൂപ ഉത്സവബത്തയുമാണ് നൽകിയത്. ബോണസും ഉത്സവബത്തയും നൽകാതെ എച്ച്.എം.സികാരുടെ ഓണത്തിന്റെ നിറം കെടുത്തിയ വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.പിന്നാലെയാണ് പാവപ്പെട്ട ജീവനക്കാർക്ക് ആശ്വാസകരമായ ഫയൽ നീക്കമുണ്ടായത്.ഈമാസം 10ന് ഇറങ്ങിയ ഉത്തരവ് ഓണത്തിന് മുമ്പ് നടപ്പാക്കാൻ ആശുപത്രിയിൽ ഒരുവിഭാഗം ഉദ്യോഗസ്ഥർ തയ്യാറായില്ല.എച്ച്.എം.സി ജീവനക്കാരുടെ കരാർ 179 ദിവസം കൂടുമ്പോൾ പുതുക്കുന്നതിനാൽ ആർക്കും 200ദിവസത്തെ ബോണസിന് അർഹതയില്ലെന്നായിരുന്നു ഇക്കൂട്ടരുടെ കണ്ടെത്തൽ.എന്നാൽ 10വർഷത്തോളമായി ജോലിചെയ്യുന്ന എച്ച്.എം.സി ജീവനക്കാരുണ്ട്.ബോണസിന് കരാർ കാലാവധി മാനദണ്ഡമല്ലെന്ന് മുൻവർഷത്തെ ഉൾപ്പെടെ സാഹചര്യം ചൂണ്ടിക്കാട്ടി വിശദീകരിച്ചെങ്കിലും ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല.ഈ തർക്കം കാരണമാണ് ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകാൻ കഴിയാതെ പോയത്.