
തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിന്റെ കൂടിക്കാഴ്ച വിവാദത്തിനിടെ ചേർന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കില്ല. കുടുംബ സമേതം ഓസ്ടേലിയയൻ പര്യടനത്തിലാണദ്ദേഹം. ഇക്കഴിഞ്ഞ 11ന് ചേർന്ന എൽഡി.എഫ് യോഗത്തിലാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റാത്തതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളിൽ നിന്നും വിമർശനമുയർന്നത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ എ.ഡി.ജി.പി വിഷയം വീണ്ടും ചർച്ചയായേക്കും. ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ദേശീയ നിർവ്വാഹകസമിതിയംഗം പ്രകാശ് ബാബുവിന്റെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ നിന്നും ത ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പി.ജയരാജന്റെ പുസ്തകത്തിലെ പരാമർശവും ചർച്ചയായേക്കും.
കണ്ണൂരിലെ ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനു തോമസുമായി സമൂഹ മാധ്യമങ്ങളിലൂടെ നടന്ന വാദപ്രതിവാദങ്ങൾ സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനോട് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരണം തേടിയിരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ വിവാദം വഷളാക്കിയത് ജയരാജന്റെ ഇടപെടലാണെന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഒരാഴ്ച നീളുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇടത് അനുകൂല പ്രവാസി സംഘടനയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെർത്ത് എന്നിവിടങ്ങിളിൽ നടക്കുന്ന പരിപാടികളിലും പങ്കെടുക്കും. 25നകം മടങ്ങിയെത്തിയേക്കും.
ഭൂപതിവ് നിയമഭേദഗതി
ചട്ടങ്ങൾ വൈകുന്നു
 കാത്തിരിക്കുന്നത് നിരവധിപേർ
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം: കൃഷിക്കും വീടുവയ്ക്കാനും പട്ടയം നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത് ക്രമപ്പെടുത്താനുള്ള ഭൂപതിവ് നിയമഭേദഗതി വിജ്ഞാപനം ചെയ്തെങ്കിലും ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുന്നത് വൈകുന്നു. നിയമവകുപ്പിന്റെ പരിഗണനയിലുള്ള കരടിന് അംഗീകാരം കിട്ടിയാലും മുഖ്യമന്ത്രികൂടി പരിശോധിച്ച് നിയമസഭാ ഉപസമിതി അംഗീകരിക്കണം. ഇതിന് സമയമേറെയെടുക്കും.
ചട്ടങ്ങൾ പുറത്തിറക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ വർഷങ്ങൾക്കു മുമ്പ് ഇടുക്കിയിൽ പട്ടയം കിട്ടിയ നൂറുകണക്കിന് കൈവശക്കാർക്ക് നിയമഭേദഗതിയുടെ പ്രയോജനം വൈകുകയാണ്. പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിർമ്മാണങ്ങൾ ക്രമപ്പെടുത്തി കിട്ടാത്തതിനാൽ ഭൂമിയുടെ വില്പന നടപടികൾക്കും തടസമുണ്ട്.
പട്ടയഭൂമിയിൽ ക്വാറികളും റിസോർട്ടടക്കമുള്ള നിർമാണങ്ങളും വന്നതോടെയാണ് പരാതികൾ ഉയർന്നതും നിയമപ്രശ്നമായതും. ഭൂപതിവ് നിയമപ്രകാരം പട്ടയം നല്കിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇത് സുപ്രീംകോടതി സംസ്ഥാനം മുഴുവൻ ബാധകമാക്കി. ഇത് അതേപടി നടപ്പാക്കുന്നത് സാമൂഹികമായും സാങ്കേതികമായും പല പ്രശ്നങ്ങൾക്കും കാരണമായേക്കാം എന്നതിനാലാണ് ഭേദഗതി ചെയ്യാൻ സർക്കാർ തിരുമാനിച്ചത്.
നിയമപരമാക്കാൻ
മാനദണ്ഡം വേണം
കൃഷി, പാർപ്പിട നിർമാണം, പൊതുവായ വഴി എന്നിവയ്ക്ക് മാത്രമാണ് ഇപ്പോൾ പട്ടയഭൂമി ഉപയോഗിക്കാൻ അനുമതിയുള്ളത്
എന്നാൽ തലമുറകളായി കൈമാറിവന്ന ഭൂമിയിൽ പലരും ഉപജീവനത്തിനായി പലവിധ നിർമാണങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളും ഇതിലുൾപ്പെട്ടിട്ടുണ്ട് ഇത്തരം നിർമാണങ്ങൾ നിയമപരമാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചട്ടങ്ങൾക്ക് അന്തിമരൂപമാക്കുന്നതിലൂടെ വ്യക്തമാകും
ജീവിതോപാധിക്കായി നടത്തിയ 1500 ചതുരശ്ര അടിവരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തി നൽകാനും വ്യവസ്ഥയുണ്ടാവും. ഇതിൽ കൂടുതലുള്ള നിർമാണങ്ങൾക്ക് പിഴ ഈടാക്കി ക്രമപ്പെടുത്താനും വ്യവസ്ഥ വരും.
''ചട്ടങ്ങൾക്ക് അന്തിമ രൂപമാക്കാനുള്ള നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്
-റവന്യു വകുപ്പ്