1

പോത്തൻകോട്: വാഹനാപകടത്തിൽപ്പെട്ട ദമ്പതികളെ രക്ഷിച്ച കുടുംബത്തെ അപകടത്തിൽപ്പെട്ടയാളും സുഹൃത്തും ചേർന്ന് ആക്രമിച്ചതായി പരാതി. മംഗലപുരം തോന്നയ്ക്കൽ പതിനാറാം മൈൽ സ്വദേശിയായ ഷബീർ ഖാനും ഭാര്യ സജീനയ്ക്കുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30തോടെയായിരുന്നു സംഭവം. പതിനാറാംമൈൽ പാട്ടത്തിൽ സ്കൂളിന് മുന്നിലെ വളവിലെ ഹംപിൽ തട്ടി മുടപുരം സ്വദേശി ജഹാംഗീർ ഓടിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞു. സ്കൂട്ടറിൽ ജഹാംഗീറും ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട സമീപവാസിയായ ഷബീർഖാനും ഭാര്യയും ഇവരെ വീട്ടിലെത്തിച്ച് വെള്ളം നൽകി. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങവെ ജഹാംഗീറിന്റെ സുഹൃത്ത് പതിനാറാം മൈൽ ഊരുപൊയ്ക സ്വദേശി നസീർ സ്കൂട്ടറിൽ സംഭവ സ്ഥലത്തെത്തി. യാതൊരു പ്രകോപനവുമില്ലാതെ ഷബീറിനെ വീടിന്റെ ഗേറ്റിൽ ചാരി നിറുത്തി ജഹാംഗീറും നസീറും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

തടയാൻ ശ്രമിച്ച ഭാര്യയ്ക്കും മർദ്ദനമേറ്റു. വീടിന് മുന്നിലിരുന്ന സൈക്കിളും ചെടിച്ചട്ടിയും ഇവർക്ക് നേരെ എടുത്തെറിഞ്ഞു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് ഷബീർ പറഞ്ഞു.

പരാതിയെ തുടർന്ന് മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. ഇതു സംബന്ധിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കും ഡി.ജി.പിക്കും ഷബീർ പരാതി നൽകി. പരിക്കേറ്റ ഷബീറും ഭാര്യയും ആശുപത്രിയിൽ ചികിത്സ തേടി. പ്രവാസിയായ ഷബീർ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.