തിരുവനന്തപുരം: വഞ്ചിയൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി സ്മാർട്ട് സിറ്റി നവീകരണ പ്രവർത്തനത്തിലേതടക്കമുള്ള അറ്റകുറ്റപ്പണികൾ 30നകം പൂർത്തിയാക്കാൻ തീരുമാനിച്ചു. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അധികൃതർ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അടിക്കടി പൊട്ടലും ചോർച്ചയുമുണ്ടാകുന്ന പൈപ്പുകൾ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നഗരസഭയ്ക്ക് കൈമാറും.

കമ്മട്ടം ലെയിൻ, ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷൻ, പുളിമൂട് ജി.പി.ഒയ്ക്ക് പിറകുവശം എന്നിവിടങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ആറ് ദിവസമായി വെള്ളം കിട്ടാത്തവരുടെ പരാതികളാണ് ഇന്നലെ ചേർന്ന യോഗം പരിഗണിച്ചത്. കഴിഞ്ഞ കുറേമാസങ്ങളായുള്ള പ്രശ്നമാണിതെന്നും വെള്ളം കിട്ടുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയറടക്കമുള്ളവർ അറിയിച്ചു. വെള്ളം താഴേക്ക് വലിക്കുന്നതിനാൽ മർദ്ദവ്യത്യാസം മൂലം ഇടഭാഗത്തുള്ളവ‌ർക്ക് തടസമുണ്ടാകുന്നു, അതിനാൽ ഓൾട്ടർനേറ്റ് ലൈൻ സ്ഥാപിക്കുകയോ ബൂസ്റ്റർ പമ്പ് സ്ഥാപിക്കുകയോ ചെയ്യും. സ്മാർട്ട് സിറ്റി നവീകരണവുമായി ബന്ധപ്പെട്ടുള്ള പണികളും ഉടൻ പൂർത്തിയാക്കും.

ജലവിതരണം മുടങ്ങും

തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ലൈനുകൾ പുതിയവയുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ 24ന് രാവിലെ 10 മുതൽ രാത്രി 12 വരെ കുടിവെള്ള വിതരണം മുടങ്ങും. വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി.എസ്.എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ.അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.