
ഇന്ന് ലോക അൽഷിമേഴ്സ് ദിനം.
മറവി രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തിൽ വളർത്തുക എന്നതാണ് സെപ്തംബർ 21ലെ ആഗോള മറവിരോഗ ദിനാചരണത്തിന്റെ ഉദ്ദേശം. രോഗികളുടേയും അവരുടെ പരിചാരകരായ ബന്ധുക്കളുടേയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സമൂഹത്തിന്റെ പൊതുവായ ഇടപെടൽ അനിവാര്യമാണ് എന്ന വസ്തുതയാണ് ദിനാചരണത്തിനു പിന്നിലെ പ്രധാന കാരണം. ''മറവി രോഗത്തെക്കുറിച്ച് അറിവ് നേടുക, അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് അറിവു നേടുക' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിലെ മുദ്രാവാക്യം.
പ്രായമായവരെ കൂടുതലായി ബാധിക്കുന്ന മസ്തിഷ്കജന്യമായ മാറാരോഗമാണ് മറവി രോഗം. ഓർമ്മശക്തിക്കും മറ്റു ഭൗതികമായ വിവിധ പ്രവർത്തനങ്ങൾക്കും ആവശ്യമായ തലച്ചോറിലെ കോശങ്ങൾ നശിച്ച് തലച്ചോർ ചുരുങ്ങിപ്പോകുന്നതാണ് ഇതിനു കാരണം. മറവിക്കു പുറമെ ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, സങ്കീർണമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള കഴിവ് കുറവ്, ദിശാബോധം നഷ്ടപ്പെടൽ, തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. അൻപതിലധികം രോഗങ്ങൾ മറവിരോഗ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാമെങ്കിലും ഇതിലേറ്റവും സാധാരണയായി കാണുന്നത് അൽഷൈമർ ഡിമൻഷ്യ എന്ന രോഗമാണ്. 10 ശതമാനം രോഗികൾക്കു മാത്രമേ ചികിത്സ വഴി ഈ രോഗം ഭേദമാക്കാൻ സാധിക്കുകയുള്ളൂ. ക്രമേണ വർദ്ധിക്കുന്ന ഈ രോഗം 5- 10 വർഷം വരെയുള്ള കാലഘട്ടത്തിൽ രോഗിയുടെ മരണത്തിനും കാരണമാകുന്നുണ്ട്.
മറവിരോഗി പരിചരണം ശ്രമകരമാക്കുന്നത് രോഗികളിലെ പെരുമാറ്റ വൈകല്യങ്ങളാണ്. നിസംഗത, അമിതകോപം, ഉത്കണ്ഠ, ഭയം, ചിത്തഭ്രമവും തുടങ്ങിയവയെല്ലാം തന്നെ രോഗിപരിചരണം ശ്രമകരമാക്കുന്നുണ്ട്. ഇവരുടെ യുക്തിക്ക് ചേരാത്ത ചിന്തയും പ്രവർത്തനങ്ങളും പരിചാരകരിൽ ആശയക്കുഴപ്പവും ബുദ്ധിമുട്ടും ഉണ്ടാക്കും. രോഗത്തിന്റെ ആരംഭഘട്ടത്തിൽ വല്ലപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്യതിയാനങ്ങൾ രോഗി മനപ്പൂർവം ചെയ്യുന്ന പ്രവൃത്തികളെന്ന പ്രതീതിയുണ്ടാക്കുന്നു. എന്നാൽ കാലക്രമേണ രോഗം വർദ്ധിക്കുന്നതിനു സമാന്തരമായി പ്രവർത്തനത്തിലെ വൈകല്യങ്ങൾ സ്ഥായിയായി മാറുന്നു. ഇത്തരം പ്രവൃത്തിവൈകല്യങ്ങളെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്ന മരുന്നുകളില്ല. അൽപ്പം ആശ്വാസം നൽകാനാകുന്ന മരുന്നുകളുണ്ടെങ്കിലും പാർശ്വഫലങ്ങൾ അവയുടെ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നു. നല്ല രീതിയിലുള്ള പരിചരണം രോഗിക്ക് ആശ്വാസം നൽകാൻ സാധിക്കുമെന്നതാണ് സത്യം.
രോഗത്തെക്കുറിച്ചുള്ള സാമാന്യ അറിവ് രോഗിപരിചരണം വളരെ ഫലപ്രദമാക്കും. രോഗിയെ പരിചരിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രത്യേകം പരിഗണിക്കേണ്ടതാണ്. രോഗീപരിചരണ കേന്ദ്രങ്ങളിൽ ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം നൽകാനാകും. ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് രോഗീപരിചരണത്തിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ് എന്നതുകൊണ്ട് രോഗിക്ക് വീട്ടിൽ ലഭിക്കുന്നതിനേക്കാൾ സുരക്ഷിതത്വം ഇത്തരം സ്ഥാപനങ്ങളിൽ ലഭിക്കാനിടയുണ്ട്. സാധാരണ വൃദ്ധജനങ്ങൾക്കു ആവശ്യമായതിലധികം പരിചരണം മറവിരോഗികൾക്കു ആവശ്യമായതിനാൽ ഇവരെ വൃദ്ധസദനത്തിൽ പരിചരിക്കുക അപ്രായോഗികമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ 50 ശതമാനത്തിനു മേലേ മറവിരോഗികൾ രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. ഇത്തരം സ്ഥാപനങ്ങൾ ഇവർക്ക് രണ്ടാം വീടായി മാറുന്നു. ഈ ആശയം നമ്മുടെ സമൂഹങ്ങളിൽ ശക്തമാകേണ്ടിയിരിക്കുന്നു. ഈ ഒരു ഉദ്ദേശത്തിനായി കേരളത്തിൽ സർക്കാർ നടത്തുന്ന ഒന്ന് രണ്ട് മാതൃകാ സ്ഥാപനങ്ങൾ ഉണ്ട്. 25 വർഷമായി തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുന്ന സ്നേഹ സദനം സന്നദ്ധ സംഘടനകൾ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കു ഉദാഹരണമാണ്.
മറവിരോഗി പരിചരണം സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണ്. സർക്കാരും സന്നദ്ധ സംഘടനകളും ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിച്ചാൽ നമുക്ക് ഇത്തരം രോഗികളുടെ ജീവിതം സുഖപ്രദമാക്കാം.
(ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മുൻ മേധാവിയാണ് ലേഖകൻ)