വിതുര: ഓണനാളുകളിൽ മലയോരമേഖലകൾ മദ്യത്താൽ നിറഞ്ഞൊഴുകി. ഓണവിപണി ലക്ഷ്യമിട്ട് മലയോര വനമേഖലകളിൽ വൻതോതിൽ വ്യാജചാരായം നിർമ്മിച്ചിരുന്നു. നാടൻചാരായം കുപ്പികളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തി. ഓണക്കാലമായതോടെ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാത വഴി വ്യാജനൊഴുകിയിട്ടും അധികൃതർ മൗനം പാലിച്ചു. വ്യാജചാരായ വില്പനയ്ക്കായി സ്ത്രീകളോടൊപ്പം ബൈക്കുകളിൽ ചീറിപ്പാഞ്ഞ് യുവസംഘങ്ങളും കളത്തിലുണ്ടായിരുന്നു. വിദേശമദ്യത്തേക്കാൾ നാടന് ഡിമാൻഡേറെയാണ്. വനമേഖലകൾ വാറ്റ് ലോബിയുടെ പിടിയിലമർന്നിട്ട് കാലങ്ങളേറെയായി. മുൻപ് വ്യാജൻ സുലഭമായപ്പോൾ എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ശക്തമായ റെയ്ഡുകൾ നടത്തി മദ്യലോബിയെ തളച്ചിരുന്നു. പിന്നീട് റെയ്ഡുകൾ പ്രഹസനമായപ്പോൾ വാറ്റ് ലോബികൾ വീണ്ടും തലപൊക്കുകയായിരുന്നു. ഓണം പ്രമാണിച്ച് എക്സൈസും പൊലീസും ശക്തമായ റെയ്ഡ് നടത്തിയിരുന്നു. ഓണനാളുകളിൽ സർക്കാർ ഔട്ട്ലെറ്റുകളിലും മദ്യവിൽപ്പന തകൃതിയായി നടന്നു.

കഞ്ചാവും എം.ഡി.എം.എയും

ചാരായത്തിന് പുറമെ ഓണനാളുകളിൽ കഞ്ചാവിന്റെയും എം.ഡി.എം.എയുയേയും വില്പനയും ഉഷാറായിരുന്നു. വിലകൂട്ടി ലഹരിപദാർത്ഥങ്ങൾ വിറ്റഴിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ മേഖലകളിലും ലഹരിവില്പന തകൃതിയായി നടന്നു. വിദ്യാർത്ഥികൾക്കിടയിലും ലഹരി ഉപയോഗം വർദ്ധിച്ചുവരികയാണ്. മദ്യലോബിയെ തളയ്ക്കുന്നതിനായി റെയ്ഡ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് വിതുര പൊലീസ് അറിയിച്ചു.