തിരുവനന്തപുരം: ഡോ.കപിലാ വാത്സ്യായനന്റെ പേരിലുള്ള രണ്ടാമത് നൃത്തോത്സവം 22 മുതൽ 26 വരെ ഭാരത് ഭവനിൽ നടക്കും. 22ന് വൈകിട്ട് 6ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ സെക്രട്ടറിയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഡോ.പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. കൂടിയാട്ടം പണ്ഡിതൻ വേണു ജി. കപില അനുസ്മരണ പ്രഭാഷണം നടത്തും. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പങ്കെടുക്കും. തുടർന്ന് മാർഗി അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളി. മന്ത്രിമാരായ വി.ശിവൻകുട്ടി,പി.പ്രസാദ്,ആർ.ബിന്ദു,സജി ചെറിയാൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളാകും. പ്രൊഫ.ശ്രുതി ബന്ദോപാദ്ധ്യായ, ഡോ.സോമഭ ബന്ദോപാദ്ധ്യായ,ശ്രേയ മഹാത്ത തുടങ്ങിയവർ ചേർന്ന് അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തം,രാമകൃഷ്ണ തലൂക്ക്ദറും സംഘവും അവതരിപ്പിക്കുന്ന

സത്രിയ നൃത്തം, ഭുപൻ കുമാറും സംഘവും അവതരിപ്പിക്കുന്ന ചാഹു നൃത്തം,ശർമ്മിള ബിശ്വാസ് അവതരിപ്പിക്കുന്ന ഒഡീസി,കലാമണ്ഡലം ക്ഷേമാവതിയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം,വിദുഷി ഉമാ ദോഗ്ര അവതരിപ്പിക്കുന്ന കഥക്,ഗീതാചന്ദ്രൻ അവതരിപ്പിക്കുന്ന ഭരതനാട്യം,വൈജയന്തി കാശിയുടെ കുച്ചിപ്പുടി തുടങ്ങിയ നൃത്തങ്ങൾ വിവിധ ദിവസങ്ങളിലായി രാത്രി 7ന് അരങ്ങേറും. 26ന് രാത്രി 7ന് 2025 മേയിൽ സംഘടിപ്പിക്കുന്ന കപിലാ വാത്സ്യായൻ യംഗ് ടാലന്റ് ഫെസ്റ്റിവലിന്റെ വിളംബരവും ലോഗോ പ്രകാശനവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

ഫെസ്റ്റിവൽ ഡയറക്ടർ ഡോ.പ്രമോദ് പയ്യന്നൂർ,മാർഗി ഉഷ,പ്രൊഫ.അലിയാർ,എസ്.രാധാകൃഷ്ണൻ,സൗമ്യ ജൊന്നലഗഥ,അഡ്വ.റോബിൻ സേവ്യർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഭാരത് ഭവനിൽ നിന്ന് സൗജന്യ പാസ് ലഭിക്കും.