
വെഞ്ഞാറമൂട്: കെട്ടിടത്തിന്റെ റൂഫിലെ സീലിംഗ് അപകടാവസ്ഥയിലായതിനാൽ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. വാമനപുരം സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്നവരെ സ്വീകരിക്കുന്നത് ഓഫീസിൽ ഒട്ടിച്ചിരിക്കുന്ന ഈ ബോർഡാണ്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടടിത്തിന്റെ കോൺക്രീറ്റ് പാളി എപ്പോൾവേണമെങ്കിലും അടർന്ന് തലയിൽവീഴാം. സീലിംഗിലെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. രജിസ്ട്രാർ ഉൾപ്പെടെ എട്ട് ജീവനക്കാരാണ് ജീവൻ പണയംവച്ച് ഇവിടെ ജോലിചെയ്യുന്നത്.
ഒപ്പം ചോർച്ചയും
മഴക്കാലമായാൽ പിന്നെ ചോർച്ചയും തുടങ്ങും. ചോർച്ച ഒഴിവാക്കാൻ റൂഫിംഗ് അനുമതി ലഭിച്ചതായി രജിസ്ട്രാർ പറയുന്നു. ചോർച്ചയ്ക്ക് പരിഹാരമാകുമെങ്കിലും അപകടത്തിന് പരിഹാരമാകുന്നില്ല.
മണ്ഡലത്തിലെ സർക്കാർ ഓഫീസുകളെല്ലാം ഹൈടെക് ആകുന്ന സാഹചര്യത്തിൽ
ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിലെ അവസ്ഥ
1. കോൺക്രീറ്ര് പാളി അടർന്നുമാറി കമ്പികൾ തെളിഞ്ഞു
2. മഴക്കാലമായാൽ ചോർച്ചയും
3. ഫയലുകൾ സൂക്ഷിക്കാൻ സൗകര്യമില്ല
4. ഇടുങ്ങിയ കെട്ടിടത്തിൽ ജീവനക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾക്കും പരിമിതി
5. സേവനം തേടിയെത്തുന്നർക്ക് ഇരിക്കാൻപോലും സൗകര്യമില്ല