
പഴയ കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന തദ്ദേശീയമായ തൊഴിൽ സംസ്കാരം വളരെ വ്യത്യസ്‌തമായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്നവരെ കായികമായ ജോലിക്കല്ലാതെ മറ്റൊന്നിനും ഭൂവുടമകൾ അനുവദിച്ചിരുന്നില്ല. ഭരണവുമായി ബന്ധപ്പെട്ട ജോലികൾ ജാതിയുടെ മേന്മ നോക്കി മാത്രമാണ് നൽകിയിരുന്നത്. ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗം ഭൂവുടമകളുടെ പാടങ്ങളിൽ പണിയെടുത്താണ് ജീവിതം നയിച്ചിരുന്നത്. ഇവരാകട്ടെ പലപ്പോഴും ഭൂവുടമകൾക്ക് തലമുറകളായി കടക്കാരായിരുന്നു. അതിനാൽ ശമ്പളമില്ലാതെയും ജോലി ചെയ്യാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു. സാധാരണക്കാരന്റെ സത്യസന്ധതയും കൂറും മറ്റും മുതലെടുക്കുന്ന രീതിയാണ് പൊതുവെ നിലനിന്നിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെ ഇതിൽ മാറ്റം വന്നുതുടങ്ങിയെങ്കിലും സ്വാതന്ത്ര്യാനന്തരമാണ് ഇന്ത്യയുടേതെന്ന് പറയാവുന്ന ഒരു തൊഴിൽ സംസ്കാരം നിരവധി അവകാശ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറ്റും ഭാഗമായി ഇവിടെ രൂപപ്പെട്ടു തുടങ്ങിയത്. അതിനും അതിന്റേതായ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അവകാശങ്ങളെപ്പറ്റി ബോധവാനായ തൊഴിലാളി പക്ഷേ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള ബോദ്ധ്യം പുലർത്തിയിരുന്നില്ല. മാത്രമല്ല തൊഴിൽ നൽകുന്നവരെ ശത്രുപക്ഷത്ത് കാണാനുള്ള മനോഭാവവും പല തൊഴിലാളി സംഘടനകളും വളർത്തിക്കൊണ്ടുവരികയും ചെയ്തു. നല്ല പോലെ ജോലിചെയ്യുക എന്നത് ഒരു മനോഭാവമായി വളർത്തിയെടുത്ത രാജ്യങ്ങളാണ് വളർച്ച നേടിയിട്ടുള്ളത്. ആഗോളവത്‌ക്കരണത്തിന് ശേഷം ഇന്ത്യയിൽ തൊഴിൽ സംസ്കാരത്തിൽ വിപ്ളവകരമായ മാറ്റങ്ങളാണ് വന്നത്. നിശ്ചിത സമയത്തെ ജോലി എന്നതു പോലും അപ്രസക്തമായി മാറി. സാങ്കേതികതയുടെ വളർച്ച ജോലിയിൽ അചിന്തനീയമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അതനുസരിച്ച് ജോലി ഓരോരുത്തരിലും ഏൽപ്പിക്കുന്ന സമ്മർദ്ദത്തിലും മാറ്റങ്ങൾ വന്നു. ഏതു ജോലിയും നിത്യമായ അഭ്യാസത്തിലൂടെയും പ്രയത്‌നത്തിലൂടെയുമാണ് വഴങ്ങി വരുന്നത്. തുടക്കത്തിൽ പല ജോലികളും കാഠിന്യമുള്ളതായി തോന്നുന്നത് പരിചയക്കുറവിന്റെ കൂടിയുള്ള പ്രശ്നമാണ്. അതിനാൽ പഴയ കാലത്ത് തുടക്കക്കാർക്ക് താരതമ്യേന കാഠിന്യം കൂടിയ ജോലികൾ ആദ്യം തന്നെ നൽകുമായിരുന്നില്ല. ഇന്നതെല്ലാം മാറി. ചില മേഖലകളിൽ ഇന്ന് ഒരാൾ ജോലി തുടങ്ങുന്നതു തന്നെ വളരെ ഉയർന്ന ശമ്പളം കൈപ്പറ്റിക്കൊണ്ടാണ്. അതിനാൽ കമ്പനികൾ അവരിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ പ്രതീക്ഷിക്കുന്ന ഒരു പ്രവണത വളർന്നുവരുന്നുണ്ട്. അതിന്റെ ഒരു ഇരയാണ് അമിത ജോലിസമ്മർദ്ദം താങ്ങാനാവാതെ ഹൃദയസ്‌തംഭനത്താൽ മരണമടഞ്ഞ വൈക്കം സ്വദേശിയായ അന്ന സെബാസ്റ്റ്യൻ. ഏണസ്റ്റ് ആൻഡ് യംഗ് എന്ന പ്രശസ്തമായ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്ന അന്നയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അന്നയുടെ മാതാവ് കമ്പനിക്കയച്ച പരാതി ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പ്രശ്നം സമൂഹശ്രദ്ധ നേടിയതും കേന്ദ്ര അന്വേഷണത്തിന് ഇടയാക്കിയതും.
തുടക്കക്കാർക്ക് പരിചയം കുറവായിരിക്കും. അതിനൊപ്പം താങ്ങാനാവാത്ത വർക്ക് ലോഡ് കൊടുത്താൽ അവർക്ക് ഉറങ്ങാൻ പോലും സമയം കിട്ടില്ല. വകുപ്പുകളുടെ മാനേജർമാർ വിവേചന ബുദ്ധിയോടെ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതാണ്. അത് ഉറപ്പാക്കുന്നതിൽ കമ്പനിയുടെ മാനേജ്‌മെന്റും ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഇത് രണ്ടും ഉണ്ടായില്ല എന്ന് വേണം അനുമാനിക്കാൻ. ഇതിനെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ മതിയായ നഷ്ടപരിഹാരം കമ്പനി അന്നയുടെ കുടുംബത്തിന് നൽകേണ്ടതാണ്. അതുപോലെ ലക്ഷങ്ങളുടെ ശമ്പളത്തിന് പിന്നാലെ പരക്കം പായുന്നവർ രണ്ടുവട്ടം ചിന്തിക്കാനും ഈ സംഭവം ഹേതുവാകുന്നു.