arivalam-beach

വർക്കല: പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ കീഴിൽ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടൂർ പഞ്ചായത്തിൽ നടപ്പാക്കിയതാണ് അരിവാളം ടൂറിസം പദ്ധതി. ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ മുന്നിൽക്കണ്ട് 2016 മാർച്ചിൽ യാഥാർത്ഥ്യമായ പദ്ധതി ഇന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒന്നേകാൽ കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. അരിവാളം ബീച്ച് പാർക്കിൽ നിരവധി വിനോദസഞ്ചാരികളെത്തുന്നുണ്ട്. എന്നാൽ സഞ്ചാരികൾക്കാവശ്യമായ വിശ്രമകേന്ദ്രങ്ങൾ, ടോയ്‌ലെറ്റ് സംവിധാനങ്ങൾ, കുടിവെള്ളം, ചിൽഡ്രൻസ് പാർക്ക് എന്നീ സൗകര്യങ്ങളുൾപ്പെടുത്തി നിർമ്മിച്ച പാർക്കാണ് ഇപ്പോൾ പരിപാലനമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്.

സാമൂഹ്യവിരുദ്ധരുടെ താവളം

വെട്ടൂർ പഞ്ചായത്തിന്റെ ടൂറിസം വികസന സ്വപ്നങ്ങളിൽ വലിയ മാറ്റം വരുത്താൻ കഴിയുന്ന പദ്ധതി അന്യാധീനപ്പെട്ട നിലയിലാണിന്ന്. പാർക്കിന്റെ സംരക്ഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സെക്യൂരിറ്റിയെ നിയമിച്ചെങ്കിലും പിന്നീടത് പിൻവലിച്ചു. കുടിവെള്ള സംവിധാനം ഇല്ലാതെയായി. ടോയ്‌ലെറ്റുകൾ തകർക്കപ്പെട്ടു. വൈദ്യുതി വയറുകൾ മോഷ്ടിക്കപ്പെട്ട അവസ്ഥയിലും മീറ്ററുകൾ തുരുമ്പെടുത്ത് നശിച്ച നിലയിലുമാണ്. ഇവിടുത്തെ വിശ്രമകേന്ദ്രങ്ങൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. കടൽത്തീരത്തും പാർക്കിലും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുളള മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. സമീപത്തെ പൈൻ മരങ്ങളും നൂറോളം തെങ്ങുകളും ടൂറിസം വികസനത്തിനായി നശിപ്പിക്കപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.

ഇരുളടഞ്ഞ ടൂറിസം

ഒന്നാം പാലം മുതൽ ചിലക്കൂർ വരെ ഇരുന്നൂറോളം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിരുന്നിടത്ത് അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ ഒന്നുപോലും പ്രവൃത്തിക്കുന്നില്ല. ഒട്ടേറെ ലൈറ്റുകൾ ജലപാത വികസനവുമായി ബന്ധപ്പെട്ട് നടന്ന നവീകരണപ്രവർത്തനങ്ങളിൽ നശിപ്പിക്കപ്പെട്ടു. ടൂറിസം വികസനത്തിനായി ഇവിടം തിരഞ്ഞെടുത്തപ്പോൾ പരമ്പരാഗത മത്സ്യബന്ധനം നടത്തിയിരുന്ന നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.