
മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡുകൾ പുനഃരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും ആവശ്യം ശക്തം.മില്ലുമുക്ക് - ശിവകൃഷ്ണപുരം റോഡിൽ നിന്നാരംഭിച്ച് ക്ഷേത്ര സദ്യാലയത്തിന് മുന്നിലെ പാർക്കിംഗ് ഏരിയായ്ക്ക് മുന്നിലൂടെ ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തിച്ചേരുന്ന തെങ്ങുംവിള ക്ഷേത്രം റോഡിപ്പോൾ ടാറും മെറ്റലുമിളകി തകർന്ന് കിടക്കുകയാണ്.പത്തുവർഷം മുൻപുവരെ ഈ റോഡ് നടവഴിയായിരുന്നു. ക്ഷേത്രം ട്രസ്റ്റിന്റെ ശ്രമഫലമായി സമീപത്തെ വസ്തു ഉടമകൾ സൗജന്യമായി വിട്ടു നൽകിയ ഭാഗം കൂട്ടിച്ചേർത്ത് റോഡിന്റെ വീതി വർദ്ധിപ്പിച്ചു.എന്നാൽ മണലിൽ തോടിനു മുകളിൽ ഒരു നടപ്പാലം മാത്രമുണ്ടായിരുന്നതിനാൽ വാഹനങ്ങൾക്ക് ക്ഷേത്രത്തിലെത്തിച്ചേരാൻ സാധിച്ചിരുന്നില്ല. തുടർന്ന് അന്ന് ജില്ലാപഞ്ചായത്ത് മെമ്പറായിരുന്ന അഡ്വ.ആർ.ശ്രീകണ്ഠൻ നായരുടെ ശ്രമഫലമായി ജില്ലാപഞ്ചായത്തിൽ നിന്ന് 2019 -20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാലത്തിന് വീതി കൂട്ടുകയും സൈഡുവാൾ നിർമ്മിച്ച് റോഡ് ടാറും ചെയ്തു.ഇപ്പോൾ തകർന്ന് കിടക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.
വെള്ളം കെട്ടി നിൽക്കുന്നു
നെൽപ്പാടത്തോടു ചേർന്ന് റോഡ് സ്ഥിതിചെയ്യുന്നതിനാൽ റോഡിലും സമീപ പുരയിടങ്ങളിലും വെള്ളം കെട്ടുന്നത് പതിവാണ്.വെള്ളമൊഴുകുന്നതിനാൽ ടാർ പെട്ടെന്നിളകി റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടു.വെള്ളമൊഴുകി പോകുന്നതിനായി റോഡരികിൽ ഓട നിർമ്മിച്ച് റോഡ് റീടാർ ചെയ്യണമെന്നാണ് ആവശ്യം.
ആവശ്യം ശക്തം
തകർന്നുകിടക്കുന്ന മുക്കോണി - തെങ്ങുംവിള ക്ഷേത്രം റോഡും ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. മുട്ടപ്പലം-കോളിച്ചിറ-ചിറയിൻകീഴ് റോഡിൽ മുക്കോണി പാലത്തിനടുത്തു നിന്ന് ആരംഭിച്ച് തെങ്ങുംവിള ക്ഷേത്രം-ചേമ്പുംമൂല റോഡിൽ ചെന്നുചേരുന്ന റോഡാണിത്.തെങ്ങുംവിള ക്ഷേത്രസദ്യാലയം,ഓഡിറ്റോറിയം,മിനിഹാൾ എന്നിവയ്ക്ക് പുറമെ സ്വകാര്യ മിനി ഹാളുമുണ്ട്.അതിനാൽ ക്ഷേത്രത്തിൽ ഒരു ദിവസം ഒന്നിലേറെ വിവാഹങ്ങളും മറ്റ് ചടങ്ങുകളും നടക്കും.അതിനാൽ നിരവധി ടൂറിസ്റ്റ് ബസുകളാണ് ഇവിടേക്ക് വരുന്നത്.അതിനാൽ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് ആവശ്യം.