ncp

തിരുവനന്തപുരം: മുംബൈയിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് എൻ.സി.പിയിൽ മന്ത്രിമാറ്റം ഉണ്ടാകുമെന്ന് സൂചന. എ.കെ. ശശീന്ദ്രൻ ഒഴിഞ്ഞ് പകരം കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസ് മന്ത്രിയായേക്കും. ഇന്നലെ നടന്ന ചർച്ചയിലും ഒഴിയാൻ ശശീന്ദ്രൻ വിമുഖത പ്രകടിപ്പിച്ചെങ്കിലും മന്ത്രിമാറ്റത്തിന് ദേശീയ നേതൃത്വം അനുകൂല നിലപാട് എടുത്തുവെന്നാണ് അറിയുന്നത്. ശരദ് പവാറായിരിക്കും അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയുമായും എൽ.ഡി.എഫ് നേതൃത്വവുമായും ശരദ് പവാർ ആശയവിനിമയം നടത്തും. തുടർന്ന് ഒരാഴ്ചയ്ക്കകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ, എ.കെ ശശീന്ദ്രൻ, തോമസ്.കെ.തോമസ് എം.എൽ.എ തുടങ്ങിയവരാണ് ശരദ് പവാറുമായി ചർച്ച നടത്തിയത്. മന്ത്രിസ്ഥാനത്ത് മാറ്റം വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പി.സി.ചാക്കോ അവതരിപ്പിച്ചു. ശശീന്ദ്രൻ എട്ടു വർഷമായി തുടർച്ചയായി മന്ത്രിസ്ഥാനത്ത് തുടരുകയാണെന്നും പാർട്ടിയിലെ മുൻ ധാരണപ്രകാരം തനിക്ക് ഇനിയുള്ള ഒന്നര വർഷക്കാലം നൽകണമെന്നും തോമസ്.കെ.തോമസ് ആവശ്യപ്പെട്ടു. എന്നാൽ, മന്ത്രി സ്ഥാനമൊഴിയാൻ വിമുഖത പ്രകടിപ്പിച്ച ശശീന്ദ്രൻ, തന്നെ മാറ്റാനാണ്‌

തീരുമാനമെങ്കിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷപദം തനിക്ക് നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

എൻ.സി.പിയിലെ രണ്ട് എം.എൽ.എമാരും രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ.തോമസ് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ശശീന്ദ്രൻ വഴങ്ങിയിരുന്നില്ല. ഒരുവേള, മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ, താൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കുമെന്ന ഭീഷണിയും ശശീന്ദ്രൻ മുഴക്കിയിരുന്നു. എന്നാൽ, ഭൂരിപക്ഷം ജില്ലാ അദ്ധ്യക്ഷൻമാരും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും തോമസ് കെ.തോമസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച

ശരദ് പവാറുമായുള്ള ചർച്ചയ്ക്കായി മുംബയിലേക്ക് പോകും മുമ്പ് ശശീന്ദ്രനും തോമസ് കെ.തോമസും പി.സി.ചാക്കോയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകം കണ്ടിരുന്നു എൻ.സി.പിയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനാവില്ലെന്ന് ശശീന്ദ്രനോട് മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന. വിഷയം എൽ.ഡി.എഫിൽ വരുമ്പോൾ പരിഗണിക്കാമെന്ന് മറ്റു രണ്ടുപേരോടും വ്യക്തമാക്കി.