
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുൻപ് നടക്കുന്ന ക്വാഡ് സമ്മിറ്റിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നത് പുതിയൊരു മുഖവുമായാണ്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യക്ക് നഷ്ടമായ 'പീസ് മേക്കർ" എന്ന പേര് വീണ്ടെടുത്ത ശേഷമുള്ള ക്വാഡ് കൂടിക്കാഴ്ചയാണിത്. വാഷിംഗ്ടണിന് പകരം ജന്മനാടായ വിൽമിംഗ്ടണിൽ വച്ച് നടക്കുന്നതിനാൽ ബൈഡന് ഈ കൂടിക്കാഴ്ചയിൽ വൈകാരികമായൊരു ഘടകവുമുണ്ട്. സെക്രട്ടറി ജനറൽ ന്യൂയോർക്കിൽ വിളിച്ചുകൂട്ടിയ സമ്മിറ്റ് ഒഫ് ദി ഫ്യൂച്ചർ ജനറൽ അസംബ്ലിയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആയിരിക്കും പങ്കെടുക്കുന്നത്. സുപ്രധാനമായ തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉരുത്തിരിയും.
യുക്രെയിൻ-റഷ്യ യുദ്ധത്തിൽ ഇന്ത്യയെടുത്ത നിലപാടുകളാണ് ഇന്ത്യയുടെ പുതിയ മുഖത്തിന് കാരണം. പൊതുവേ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാറില്ല. മദ്ധ്യസ്ഥത വഹിക്കുന്ന രാജ്യത്തിന്റെ താത്പര്യങ്ങൾ പലപ്പോഴും സംരക്ഷിക്കപ്പെടില്ല. താഷ്കന്റ് ഡിക്ലറേഷന് പിന്നാലെയാണല്ലോ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി മരിച്ചത്. ഇന്ത്യയുടെ ആ നയം മാറുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ്. ഇന്ത്യ ഇതുവരെ റഷ്യയുടെ പ്രവൃത്തികളെ അപലപിച്ചിട്ടില്ല. അതേസമയം,നാറ്റോ രാജ്യങ്ങളോടും നല്ല ബന്ധം പുലർത്തുന്നുണ്ട്. കഴിഞ്ഞവർഷം ജി 20 നടന്നപ്പോൾ റഷ്യയ്ക്കും നാറ്റോയ്ക്കും സ്വീകാര്യമായ പ്രസ്താവനയിറക്കാൻ ഇന്ത്യക്കായി. ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങൾ പ്രതീക്ഷയോടെ ഉറ്രുനോക്കുന്നതും ഇന്ത്യയെയാണ്.
ക്വാഡ് മിലിറ്ററി സഖ്യമാകുമോ?
യു.എസ്,ഇന്ത്യ,ജപ്പാൻ,ഓസ്ട്രേലിയ എന്നീ നാലു ഇന്തോ-പസഫിക്ക് ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിനെ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങൾക്ക് ഒരു മിലിറ്ററി സഖ്യമാക്കാനാണ് ആഗ്രഹം. മറ്റൊരു മിലിറ്ററി ഉടമ്പടിയിലും അംഗമല്ലാത്തതിനാൽ ഇന്ത്യ ക്വാഡിനെ മിലിറ്ററി സഖ്യമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം,കൊവിഡ്-19 പോലുള്ള പൊതുപ്രശ്നങ്ങളിൽ സഹകരിക്കാനും പൊതുവായുള്ള പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വേദിയായാണ് ക്വാഡിനെ ഇന്ത്യ കാണുന്നത്. ഏഷ്യ-പസഫിക്കിലുള്ള ചൈനയുടെ സ്വാധീനം തടയുന്നതും ലക്ഷ്യമാണ്. ഇന്ത്യ യു.എസുമായി സൈനികാഭ്യാസങ്ങൾ നടത്താറുണ്ടെങ്കിലും അതിനെ ക്വാഡ് ആയി നമ്മൾ കണക്കാക്കുന്നില്ല. അതേസമയം,യു.എസ് ഏറ്റവുമധികം സൈനികാഭ്യാസങ്ങൾ നടത്തുന്ന രാജ്യം ഇന്ത്യയാണ്.
2020ൽ ഇന്ത്യയ്ക്ക് നേരെ ചൈനയുടെ ആക്രമണമുണ്ടായപ്പോൾ ട്രംപ് ധാർമ്മികപിന്തുണ നൽകിയിരുന്നു. ആ സാഹചര്യത്തിൽ ഇനി വരുന്ന ക്വാഡ് കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. ചൈനയുമായി ക്വാഡിൽ അതിർത്തി പങ്കിടുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇന്ത്യ-ചൈന പ്രശ്നം എഴുപതുശതമാനം പരിഹരിച്ചെന്നാണ് എസ്.ജയശങ്കർ പറയുന്നത്. എങ്കിലും അവകാശമുന്നയിച്ച പല സ്ഥലങ്ങളിൽ നിന്നും ചൈന ഇതുവരെ പിന്മാറിയിട്ടില്ല. ചൈനയിൽ നിന്നുള്ള ആക്രമണം ആദ്യം ബാധിക്കുന്നത് അതിർത്തി പങ്കിടുന്ന ഇന്ത്യയെയായതിനാൽ നമുക്ക് എടുത്തുചാടി തീരുമാനമെടുക്കാനാവില്ല.