sun

തിരുവനന്തപുരം: ശരത്കാല വിഷുവത്തെ തുടർന്ന് സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർദ്ധിക്കും. സൂര്യരശ്മി പതിക്കുന്ന സമയത്ത് മഴമേഘങ്ങളുടെ അഭാവമാണ് താപനില വർദ്ധനയ്ക്ക് കാരണമാകുന്നത്. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിലെത്തുകയും സൂര്യരശ്മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്കാല വിഷുവം അഥവാ ശരത്കാല വിഷുദിനം എന്നറിയപ്പെടുന്നത്. 22നാണ് വിഷുവം.

2 മുതൽ 3 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെങ്കിലും സൂര്യാഘാത സാദ്ധ്യത നിലവിലില്ലെന്നാണ് വിലയിരുത്തൽ. 22ന് പകലിന്റെയും രാത്രിയുടെയും ദൈർഘ്യവും ഒരേപോലെയാണ്. 25ന് ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്നുദിവസം പരക്കെ മഴ ലഭിക്കും. ഇതോടൊപ്പം താപനിലയും കുറയും. കാലവർഷത്തിന്റെ വിടവാങ്ങൽ ആരംഭിക്കുന്ന സെപ്തംബർ അവസാനവും കൂടുതൽ മഴ ലഭിക്കും.

ലാനിനയ്ക്ക് സാദ്ധ്യതയില്ല

സെപ്തംബറിൽ സജീവമാകുമെന്ന് കരുതിയ ലാനിന പ്രതിഭാസം വീണ്ടും വൈകുമെന്നാണ് റിപ്പോർട്ട്.

തുലാവർഷത്തിൽ സജീവമാകുമെന്ന് വിലയിരുത്തലുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

12 ശതമാനം മഴ കുറവ്

ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കാലവർഷ സീസണിൽ സംസ്ഥാനത്ത് മഴ 12 ശതമാനം

കുറഞ്ഞു. 1935 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1702.9 മില്ലി മീറ്റർ മഴയാണ് പെയ്തത്.

ശരത്കാല വിഷുവത്തെ തുടർന്ന് രണ്ടുദിവസം താപനില വർദ്ധിക്കും.

അത് കഴിഞ്ഞ് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

നീത കെ.ഗോപാൽ,​ കേരള കാലാവസ്ഥ കേന്ദ്രം മേധാവി