ബാലരാമപുരം: ശരാശരി മുന്നൂറിൽപ്പരം രോഗികളെത്തുന്ന ബാലരാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ‌‌ഡോക്ടർ ഹാജരാകാത്തതിനാൽ രോഗികൾ വലഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഡോക്ടർമാരുടെ സ്വകാര്യ ആവശ്യങ്ങൾ മൂലം ബാലരാമപുരം സി.എച്ച്.സിയിൽ ഡോക്ടർ ഹാജരാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ‌‌‌‌ഒരു ‌ഡോക്ടർ പനിമൂലവും മറ്റൊരു ഡോക്ടർ പിതാവിന് സുഖമില്ലാത്തതിനാലും ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല.രോഗികൾ വലഞ്ഞതോടെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാത്രി സി.എച്ച്.സിയിലെത്തി പ്രതിഷേധിക്കുകയും വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കിടുകയും ചെയ്തത് പ്രശ്നം രൂക്ഷമാക്കി.

പ്രതിഷേധക്കാർ ജീവനക്കാരോട് കയർത്തതോടെ ആശുപത്രി ഗ്രില്ലിന് പൂട്ടിട്ടു.ഡോക്ടർമാരുടെ കുറവുകൊണ്ട് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ സമയക്രമം മാറ്റിയാണ് രാത്രി ഡ്യൂട്ടി ചെയ്യുന്നത്. ഇതിനിടയിലാണ് ഒരു ‌‌‌ഡോക്ടർക്ക് പനി പിടിപെട്ടതിനാൽ രാത്രിയിൽ ഇല്ലാതിരുന്നതെന്നും സി.എച്ച്.സി അധികൃതർ പറഞ്ഞു.കോൺഗ്രസ് നേതാക്കൾ ഡി.എം.ഒയെ വിളിച്ച് പ്രതിഷേധമറിയിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഡി.എം.ഒ ഇടപെട്ട് ഇന്നലെ രാത്രിയിൽ ‌‌ഡോക്ടറുടെ സേവനം ഉറപ്പാക്കി. ഒരു വിഭാഗം പ്രതിഷേധക്കാർ സംഭവത്തെ രാഷ്ട്രീയവത്കരിച്ചെന്നും മാസങ്ങളായി വീഴ്ച്ച സംഭവിക്കാതെ സി.എച്ച്.സിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമാണ് ഡോക്ടർമാരുടെ പക്ഷം. പ്രതിഷേധക്കാർ ജീവനക്കാരോട് മോശമായി പെരുമാറിയതിൽ ആരോഗ്യവകുപ്പ് ജീവനക്കാരി ബാലരാമപുരം പൊലീസിൽ പരാതി നൽകി.സി.എച്ച്.സി മെഡിക്കൽ ഓഫീസറും രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്.

രോഗികൾ വലയുന്നത് നിത്യസംഭവമെന്ന് കോൺഗ്രസ്

ബാലരാമപുരം സി.എച്ച്.സിയിൽ ഡോക്ടർമാരുടെ വീഴ്ച അടിക്കടിയുണ്ടാകുന്നെന്നും രോഗികൾ ഇത് ചോദ്യം ചെയ്യാത്തതിനാൽ രാത്രികാലത്തും ഡോക്ടറുടെ സേവനം നഷ്ടമാകുന്നുവെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് വിൻസെന്റ് ഡി.പോൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്,​ അമ്പിളിക്കുട്ടൻ,​ മെമ്പർ എൽ.ജോസ്,​ മുൻമെമ്പർ സതീഷ്കുമാർ,​ബാലരാമപുരം റാഫി,​ജയചന്ദ്രൻ,​തേമ്പാമുട്ടം ഷിബു,​പാറക്കുഴി കുമാർ,​സുകു എന്നിവർ നേതൃത്വം നൽകി.