
തിരുവനന്തപുരം: 2047ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തികശക്തി ജനങ്ങളിലേക്ക് എത്തണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ പി.എം വിശ്വകർമ്മ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റും വായ്പയും അദ്ദേഹം വിതരണം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ കരകൗശല പ്രദർശനവും ഉദ്ഘാടനം ചെയ്തു. പി.എം വിശ്വകർമ്മ പദ്ധതിയിലൂടെ കേരളത്തിലുണ്ടായ നേട്ടങ്ങളും ഫലങ്ങളും സംബന്ധിച്ച റിപ്പോർട്ട് ആർ.ഡി.എസ്.ഡി.ഇ കേരള റീജിയണൽ ഡയറക്ടർ യുവരാജ്.സി അവതരിപ്പിച്ചു.കേരളത്തിൽ 18,696 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1610 പേർക്ക് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചു. 523 ലോണുകൾ അനുവദിച്ചത്തിലൂടെ 5.07 കോടി രൂപ ഗുണഭോക്താകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൺ പ്രിൻസിപ്പൽ എം.ശരവണ, ആർ.ഡി.എസ്.ഡി.ഇ കേരള ആൻഡ് ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടർ പി.ജി.രാജേന്ദ്രൻ, സംസ്ഥാനതല ബാങ്കിംഗ് സമിതി കൺവീനർ കെ.എസ്.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.