തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിൽ വച്ച് യുവതിയുടെ മൊബൈൽ ഫോൺ മോഷണം പോയി. പാൽക്കുളങ്ങര സ്വദേശിനി വീണ ഹരിയുടെ മൊബൈലാണ് മോഷണം പോയത്. ഇന്നലെ രാവിലെ 8.30നാണ് സംഭവം. മുത്തച്ഛന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലെത്തിയ വീണ താൻ ഇരുന്ന ഇരിപ്പിടത്തിൽ ഫോൺ വയ്ക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങവെ ഫോൺ എടുക്കാൻ മറന്ന യുവതി മിനിട്ടുകൾക്കകം തിരിച്ചു വന്നപ്പോൾ ഫോൺ മോഷണം പോയിരുന്നു. സമീപത്ത് മുഴുവൻ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. 15,000 രൂപ വിലയുള്ള റെഡ്മി കമ്പനിയുടെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. സി.സി.ടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും വീണ ഇരുന്ന ഭാഗത്തെ ദൃശ്യങ്ങൾ ക്യാമറ പരിധിയ്ക്ക് പുറത്തായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്ത് പറഞ്ഞു. രണ്ട് മൂന്ന് തവണ ഫോണിൽ ബന്ധപ്പെട്ടപ്പോൾ റിംഗുണ്ടായിരുന്നെങ്കിലും അല്പസമയത്തിന് ശേഷം സ്വച്ച് ഓഫായി. യുവതി ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.