
തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ഭക്ഷ്യ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, പരിശീലനം, ബോധവത്കരണ പ്രവർത്തനം തുടങ്ങി 40ഓളം മേഖലകളിലെ പ്രവർത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ സ്വീകരിച്ചു.
വിദ്യാഭ്യാസ ആനുകൂല്യത്തിന്
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2024 - 25 അദ്ധ്യയന വർഷത്തിൽ 8,9,10/ പ്ലസ് വൺ/ ഡിഗ്രി/ എം.എ/ പി.ജി/ ബി.എഡ് , പ്രൊഫഷണൽ പി.ജി കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ ടി.ടി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്സിംഗ്/ പാരാ മെഡിക്കൽ കോഴ്സ്/എം.സി.എ/ എം.ബി.എ/പി.ജി.ഡി.സി.എ/എൻജിനിയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രികൾച്ചറൽ/വെറ്ററിനറി/ ഹോമിയോ/ബി.ഫാം/ആയുർവേദം/ എൽ എൽ.ബി (മൂന്ന് വർഷം,അഞ്ചുവർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്സി/എച്ച്.ഡി.സി ആൻഡ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്/ സി.എ ഇന്റർമീഡിയറ്റ്/ മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ്, സിവിൽ സർവീസ് കോച്ചിംഗ് കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള വിദ്യാഭ്യാസാനുകൂല്യത്തിനും എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനും 25 മുതൽ അപേക്ഷിക്കാം.
മുൻ അദ്ധ്യയനവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം നവംബർ 25 ന് മുമ്പ് www.labourwelfarefund.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷക്കേണ്ടതില്ല.
ഹരിതകർമ സേനാംഗങ്ങൾക്കായി
വനിതാ കമ്മിഷന്റെ പബ്ലിക് ഹിയറിംഗ് 26 ന്
തിരുവനന്തപുരം: ഹരിതകർമ്മ സേനാംഗങ്ങളായ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. 26ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10ന് ആരംഭിക്കുന്ന ഹിയറിംഗ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷനംഗം ഇന്ദിര രവീന്ദ്രൻ അദ്ധ്യക്ഷയാവുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ.സീമ മുഖ്യപ്രഭാഷണം നടത്തും.
വനിതാ കമ്മിഷൻ അംഗങ്ങളായ വി.ആർ.മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, പി.കുഞ്ഞായിഷ, കമ്മിഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ സംസാരിക്കും. ചർച്ചകൾക്ക് കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചന നേതൃത്വം നൽകും.
ഹരിതകർമ്മസേനയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി, ചർച്ചയിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കും.