kp

തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പിയുമായ എം.എസ്.സന്തോഷിനെതിരെയാണ് മുഖ്യമന്ത്രിയെ നിർദ്ദേശത്തെ തുടർന്ന് നടപടിയെടുത്തത്.

പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിവൈ.എസ്‌‌.പിയുടെ നടപടി തെറ്റായ വാർത്ത പ്രചരിക്കാൻ ഇടയാക്കിയെന്ന് ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു.

വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണ്. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവച്ചു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നൽകി. ജാഗ്രത കുറവുണ്ടായി. സുപ്രധാന ചോദ്യമായിട്ടും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താതെ മറുപടി നൽകിയെന്നുമാണ് ഡി.ജി.പിയുടെ റിപ്പോർട്ട്.