ശംഖുംമുഖം: വീടിന് മുന്നിൽ സംഘം ചേർന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ കുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഷാജഹാൻ (39)​,​ മുട്ടത്തറ സ്വദേശി സുൽഫിക്കർ ജലാൽ (38)​ എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ബീമാപ്പള്ളി ബദരിയാനഗർ സ്വദേശിയായ കുമാരിക്കാണ് കുത്തേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പാപ്പനംകോട് പൂഴിക്കുന്നിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബദരിയാ നഗർ സ്വദേശികളായ ഷാജഹാൻ, മാഹീൻ, സുൽഫിക്കർ, വെള്ളമാഹീൻ എന്നിവരാണ് കുമാരിയെ നെഞ്ചിൽ കുത്തിപ്പരിക്കേല്പിച്ചത്. ഇതിൽ രണ്ടാം പ്രതിയായ മാഹിൻ നേരത്തെ പൊലീസ് പിടിയിലായി. നാലാം പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയെന്നും ഉടൻ പിടികൂടുമെന്നും പൂന്തുറ സി.ഐ സാജു പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീടിന് മുന്നിൽ കൂട്ടം ചേർന്ന് മദ്യപിച്ചത് കുമാരി ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ അസഭ്യം പറഞ്ഞു. ഇത് സമീപവാസിയായ നന്ദു ചോദ്യം ചെയ്തതോടെ പ്രതികൾ നന്ദുവിനെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കുമാരിക്ക് കുത്തേറ്റത്. കുമാരി മെഡിക്കൽകോളേജിലും നന്ദു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുമാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.