photo

പാലോട്: രണ്ട് പഞ്ചായത്തുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി നിശ്ചലമായി തുടരുന്നു. നിലവിൽ ഈ പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മറ്റൊരു കുടിവെള്ള പദ്ധതിക്കായി മാറ്റി. ഇതറിഞ്ഞ് നാട്ടുകാരെത്തിയതോടെ പൈപ്പ് മാറ്റൽ നിറുത്തിയെങ്കിലും ഇതിനോടകം നാല് ലോറി പൈപ്പുകൾ മാറ്റിക്കഴിഞ്ഞു. നന്ദിയോട് പഞ്ചായത്തിൽ മുഴുവനായും ആനാട് പഞ്ചായത്തിൽ 90ശതമാനം പ്രദേശങ്ങളിലും ഈ പദ്ധതി പൂർത്തിയായാൽ കുടിവെള്ള പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകും. നിരവധി സമരപരമ്പരകൾക്കൊടുവിൽ 2021 ജനുവരി 7ന് 16 കോടി രൂപ കൂടി പദ്ധതിക്കായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 2021 ഫെബ്രുവരി 6ന് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന മാമാങ്കം നടന്നിരുന്നു. ഒന്നാം ഘട്ടത്തിൽ പൂർത്തിയായ സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ്മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ എന്നിവയ്ക്ക് പുറമെ രണ്ടാംഘട്ടത്തിൽ ആനക്കുഴിയിൽ പത്തുലക്ഷം ലിറ്റർ ടാങ്കും പാലോട്ടെ പമ്പ് ഹൗസും 630, 250 കെ.വി കപ്പാസിറ്റിയിലുള്ള രണ്ട് ട്രാൻസ്ഫോർമറുകളും 63 കിലോമീറ്റർ നീളത്തിൽ ഗാർഹിക പൈപ്പ്ലൈനുകളും പാലോട്ടെ പമ്പിംഗ് സ്ഥലത്ത് 80 എച്ച്.പി പമ്പും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. അതോടൊപ്പം ആലുങ്കുഴി, താന്നിമൂട്, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർഹെഡ് ടാങ്കുകളുടെ നിർമ്മാണവും നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗവും ജലരേഖയിൽ ഒതുങ്ങി.

ടാങ്ക് നിർമ്മാണം

നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലുങ്കുഴിൽ 15 സെന്റ് സ്ഥലം 7 ലക്ഷത്തിനും താന്നിമൂട്ടിൽ 15 സെന്റ് സ്ഥലം 15 ലക്ഷത്തിനും ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും ആനക്കുഴിയിലെ ടാങ്ക് നിർമ്മാണമല്ലാതെ നാളിതുവരെ യാതൊരു പ്രവർത്തനവും അവിടെ നടന്നില്ല. ആലുങ്കുഴിയിൽ കുടിവെള്ള ടാങ്ക് നിർമ്മാണത്തിനായി വാങ്ങിയ പ്രദേശത്തുണ്ടായിരുന്ന കൂറ്റൻ പാറ പദ്ധതിക്ക് തടസമാകുമെന്നുകണ്ട് പൊട്ടിച്ച് മാറ്റാൻ ടെൻഡർ നൽകിയെങ്കിലും ടെൻഡർ എടുത്ത വ്യക്തി പാറ പൊട്ടിച്ച് യഥാസമയം മാറ്റാത്തതിനാലും ടെൻഡർ തുക അടയ്ക്കാൻ തയ്യാറാകാത്തതിനാലും ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും ടെൻഡർ നൽകി ലേലം നടന്നെങ്കിലും സർക്കാർ നിശ്ചയിച്ച തുക ലഭിക്കാത്തതിനാൽ ലേലം വീണ്ടും ഉപേക്ഷിച്ചു. ഇനി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നടക്കണമെങ്കിൽ മാസങ്ങളെടുക്കും. അതിനാൽ ടാങ്ക് നിർമ്മാണം അനിശ്ചിതമായി തുടരാനാണ് സാദ്ധ്യത.