
നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിൽ ജലജീവൻ കുടിവെള്ള പദ്ധതി അവതാളത്തിൽ. 2024 ഡിസംബറിൽ പൂർത്തിയാകേണ്ട പഞ്ചായത്തിലെ ജലജീവൻ മിഷൻ വഴിയുള്ള കുടിവെള്ള കണക്ഷൻ ഇനിയും ആയിരത്തോളം പേർക്ക് ലഭിക്കാനുണ്ട്. ഇതുവരെ നൽകിയിട്ടുള്ള കണക്ഷനുകളിൽ പകുതിയിൽ കൂടുതൽ പേർക്കും ജലം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. മാത്രമല്ല കിട്ടാത്ത വെള്ളത്തിന് പൈസ അടയ്ക്കേണ്ട ഗതികേടിലാണ് ഗുണഭോക്താക്കളിപ്പോൾ. പെരുങ്കടവിള പഞ്ചായത്തിൽ പഴമല, ആങ്കോട്, പുളിമാംകോട്, ആലത്തൂർ, പാൽക്കുളങ്ങര, അയിരൂർ, മാരായമുട്ടം, വടകര, അണമുഖം, തത്തിയൂർ, തൃപ്പല്ലൂർ, ചുള്ളിയൂർ, അരുവിക്കര, അരുവിപ്പുറം, തത്തമല, പെരുങ്കടവിള തുടങ്ങിയ മേഖലകളിൽ കുടിവെള്ളം കിട്ടാക്കനിയായി മാറി. ഇതുവരെ 4000 പൈപ്പ്കണക്ഷനുകൾ നൽകിയിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണ് പദ്ധതി തടസപ്പെടാൻ കാരണം. പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നതിനായി റോഡുകൾ കുഴിച്ചിട്ടിരിക്കുന്നത് കാൽനട വാഹന യാത്രികരെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഏറ്റെടുത്ത കരാറുകാരും ഇപ്പോൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങളായ അമ്പലത്തറയിൽ ഗോപകുമാർ, മഞ്ജുഷ ജയൻ, ധന്യ.പി.നായർ, കാക്കണം മധു എന്നിവർ അറിയിച്ചു.
പൈപ്പുകൾ മോഷണംപോയി
പെരുങ്കടവിള റോഡിനരികെ ഇറക്കിയിരിക്കുന്ന പൈപ്പുകൾ ചിലർ കടത്തിക്കൊണ്ടു പോയതായി ആക്ഷേപമുണ്ട്. 6 മാസം മുൻപാണ് ഇവിടെ പൈപ്പുകളിറക്കിയത്. പദ്ധതിയുടെ ഭാഗമായി 16 വാർഡുകളിലെ റോഡുകൾ കുഴിച്ചിട്ടിരിക്കുകയാണ്. ഇവിടെ അപകടങ്ങളും പതിവായിട്ടുണ്ട്. നടപ്പാതയിൽ പൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ യാത്രക്കാരും അപകടഭീഷണി നേരിടുന്നു. വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനടയാത്രികർ പൈപ്പിൽ തെന്നിവീഴുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.