
കൊച്ചിയിൽ മെട്രോ നിർമ്മാണം ആരംഭിക്കുന്നതിനു മുൻപേ കേട്ടുതുടങ്ങിയതാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും വരാൻ പോകുന്ന മെട്രോ കഥകൾ. കൊച്ചിയിൽ പുതിയ നഗര ഗതാഗത സംസ്കാരത്തിനു തുടക്കമിട്ട് മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങിയപ്പോഴും തലസ്ഥാനത്തെ മെട്രോ സ്വപ്നം പൂവണിഞ്ഞില്ല. പലകുറി പദ്ധതികൾ മാറ്റിക്കുറിച്ചു. നിർദ്ദിഷ്ട മെട്രോയുടെ ഘടനയ്ക്കും പലപ്പോഴായി മാറ്റം വന്നു. മോണോ റെയിൽ വേണോ ലൈറ്റ് മെട്രോ വേണോ അതോ കൊച്ചിയിലേതുപോലെ മതിയോ എന്ന കാര്യത്തിൽ അനന്തമായ ചർച്ചകൾ നടന്നു. ഇതിനിടയിൽ പദ്ധതിച്ചെലവ് പതിന്മടങ്ങായി ഉയരുകയും ചെയ്തു. കഴക്കൂട്ടത്തിനടുത്ത് ടെക്‌നോസിറ്റിയിൽ നിന്നാരംഭിച്ച് കാര്യവട്ടം, ശ്രീകാര്യം, കേശവദാസപുരം, പട്ടം വഴി തമ്പാനൂരിലെത്തി, അവിടെനിന്ന് കരമന വരെ നീളുന്നതായിരുന്നു ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നത്. വർഷങ്ങളോളം ഈ അലൈൻമെന്റിനു പുറത്ത് അധികാരികൾ തപസ്സിരുന്നു.
അതിനിടെ, ടെക‌്‌നോപാർക്ക് കൂടി ഉൾപ്പെടുത്തി അലൈൻമെന്റ് മാറ്റിവരച്ചു. ഏറ്റവും ഒടുവിൽ, കഴക്കൂട്ടത്തു നിന്ന് ദേശീയപാത ബൈപാസ് വഴി ചാക്കയും ഈഞ്ചയ്ക്കലും കടന്ന് കിള്ളിപ്പാലം വഴി ഒരു റൂട്ടും, നേരത്തേ നിശ്ചയിച്ച ശ്രീകാര്യം, പട്ടം വഴി സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂർ വഴി മറ്റൊരു റൂട്ടും നിശ്ചയിക്കപ്പെട്ടു. ഇതൊക്കെയായിട്ടും മെട്രോ എന്നത്തേക്ക് യാഥാർത്ഥ്യമാകുമെന്നതിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. അപ്പോൾ ഇതാ കേൾക്കുന്നു, അലൈൻമെന്റ് വീണ്ടും മാറിയിരിക്കുന്നു എന്ന്! ടെക്‌നോസിറ്റിയിൽ നിന്ന് കാര്യവട്ടം, ശ്രീകാര്യം, മെഡിക്കൽ കോളേജ്, പട്ടം, തമ്പാനൂർ, കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനം വരെ നീളുന്ന തരത്തിൽ ഒന്നാം ഘട്ടത്തിനാണ് പുതിയ അലൈൻമെന്റ് എന്നാണു സൂചന. പുതിയ നിർദ്ദേശം പഠിച്ച് റിപ്പോർട്ട് നൽകാൻ കെ.എം.ആർ.എല്ലിന് സംസ്ഥാന ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണെന്നാണ് വിവരം.
പദ്ധതിയനുസരിച്ച് തിരുവനന്തപുരം മെട്രോയുടെ രണ്ടാം ഘട്ടം നെയ്യാറ്റിൻകര വരെ നീളുന്നതാണ്. ഇതിനു പുറമെ സിവിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന കുടപ്പനക്കുന്നു വരെ പാത ദീർഘിപ്പിക്കണമെന്ന പുതിയ നിർദ്ദേശവും ഉയരുന്നുണ്ട്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പലതും വരുന്നുണ്ടെങ്കിലും ഖണ്ഡിതമായ ഒരു തീരുമാനത്തിലെത്താൻ അധികൃതർക്കു കഴിയുന്നില്ലെന്നതാണ് സങ്കടം. തലസ്ഥാന നഗരിയിലെ വർദ്ധിച്ച ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ ഭാവിയിൽ മെട്രോ പോലുള്ള സൗകര്യങ്ങൾ അത്യാവശ്യമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ തലസ്ഥാന നഗരത്തിലെ ഇപ്പോഴത്തെ ഗതാഗത സൗകര്യങ്ങൾ ഒട്ടും പോരാതെ വരും. ഇതു മുന്നിൽക്കണ്ടാണ് റിംഗ് റോഡ് പദ്ധതി ഉൾപ്പെടെയുള്ളവ നടപ്പാക്കുന്നത്. അപ്പോഴും നഗര ഗതാഗതം വീർപ്പുമുട്ടിത്തന്നെ നിൽക്കും.
അതിനുള്ള പോംവഴി എന്ന നിലയ്ക്കാണ് മെട്രോ പദ്ധതി കാണേണ്ടത്. പദ്ധതിക്ക് തടസ്സങ്ങളുണ്ടെങ്കിൽ പരിഹരിക്കുന്നതിനു പകരം അതിനു പുറത്ത് അടയിരുന്നതുകൊണ്ട് എന്തു പുണ്യമാണുള്ളത്? വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള റെയിൽ കണക്ടിവിറ്റിക്ക് അന്തിമ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ബാലരാമപുരത്തു നിന്ന് വിഴിഞ്ഞത്തേക്കുള്ള പത്തുകിലോമീറ്റർ ഭൂഗർഭ പാതയായി നിർമ്മിക്കാനാണ് പദ്ധതി. പണി അടുത്തവർഷം തുടങ്ങാനിരിക്കുകയാണ്. ഇക്കാര്യത്തിലും ആസൂത്രണമില്ലായ്‌മ പ്രകടമാണ്. തുറമുഖം പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതിനൊപ്പം റെയിൽ സൗകര്യവും വരുത്തേണ്ടതായിരുന്നു. ഭൂഗർഭ പാതയുടെ പണി രണ്ടുവർഷം മുന്നേ തുടങ്ങിയിരുന്നുവെങ്കിൽ പോർട്ടിൽ നിന്നുള്ള ചരക്കുനീക്കം ഏറെ സുഗമമാകുമായിരുന്നു.