ആറ്റിങ്ങൽ: പാടങ്ങളിലും വീടുകളിലും പച്ചക്കറി, പുഷ്പ കൃഷികൾ വ്യാപകമാകുമ്പോൾ കൃഷിയിടത്തിലെ കീടങ്ങളുടെ ശല്യം പൂർണമായും ഒഴിവാക്കാനാകുന്ന ജൈവരീതിയിലുള്ള യെല്ലോ ട്രാപ്പുകൾ ശ്രദ്ധേയമാകുന്നു. ചെടികളെ ദോഷമായി ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ ഒരിക്കൽ ചെയ്താൽ രണ്ടുവർഷം വരെ ഗുണം ലഭിക്കുന്ന മാർഗമാണ് യെല്ലോ ട്രാപ്പുകൾ. വെള്ളീച്ച, വിവിധയിനം ശലഭങ്ങൾ, വണ്ടുകൾ, കായീച്ചകൾ, മറ്റു നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ തുടങ്ങിയവയെയും നശിപ്പിക്കാനാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
നിറംകൊണ്ടുള്ള ട്രാപ്പ്
മഞ്ഞ,നീല,വെള്ള കെണികൾ കൊണ്ടുള്ള പ്രതിരോധം, ഇതൊരു ട്രാപ്പാണ്. കീടങ്ങളെ പെട്ടെന്ന് ആകർഷിക്കുന്ന നിറങ്ങളുള്ള ഷീറ്റുകൾ കൃഷിയിടത്തിന്റെ പലഭാഗത്ത് സ്ഥാപിച്ച് ഇതിനു മുകളിൽ കീടങ്ങൾ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള പശകൾ അല്ലെങ്കിൽ വിവിധതരം എണ്ണകൾ പുരട്ടണം. നിറം ആകർഷിച്ചേക്കുന്ന കീടങ്ങൾ പറ്റിപ്പിടിക്കുകയും പിന്നീട് രക്ഷപ്പെടാനാകാതെ ഒട്ടിയിരുന്ന് നശിച്ചു പോകും.
യെല്ലോ ട്രാപ്പുകൾ കൃഷിയിടത്തിൽ ഉപയോഗിക്കുമ്പോൾ അഞ്ച് മുതൽ 10സെന്റ് വരെ ഏറ്റവും ചുരുങ്ങിയത് രണ്ട് എണ്ണത്തിലൂടെ സംരക്ഷണം ഉറപ്പാക്കാം. മഞ്ഞ,നീല,വെള്ള നിറങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ട്രാപ്പുകൾ ലഭ്യം
പൊതുവേ കണ്ടുവന്നിട്ടുള്ളത് മഞ്ഞനിറത്തിലുള്ള ഷീറ്റുകളാണ്. ഇതേ നിറത്തിലുള്ള തകര ഷീറ്റുകൾ പെയിന്റടിച്ച് വാസ്‌ലിൻ,വൈറ്റ് ഗ്രീസ്,ആവണക്കെണ്ണ തുടങ്ങിയവ പുരട്ടി കൃഷിയിടത്തിൽ സ്ഥാപിക്കാം. ഇതിന്റെ പശപശപ്പ് മാറുന്ന സമയത്ത് വീണ്ടും ഷീറ്റിനു പുറത്ത് തേയ്ക്കണം. എങ്കിൽ ഇത് ദീർഘകാലം ഉപയോഗിക്കാം. അഗ്രോകോപ്സ് ഔട്ട്‌ലെറ്റുകളിൽ ഇതിന്റെ റെഡി ടു യൂസ് ട്രാപ്പുകൾ ലഭ്യമാണ്.