തിരുവനന്തപുരം: നഗരസഭയും ട്രിഡയും തമ്മിലുള്ള തർക്കം കാരണം കുര്യാത്തി വാട്ടർ അതോറിട്ടി ഓഫീസിന് സമീപമുള്ള റോഡിലെ മാലിന്യമല നീക്കുന്നതിൽ അനിശ്ചിതത്വം. നഗരത്തിലെ മാലിന്യം നീക്കേണ്ട ചുമതല നഗരസഭയ്‌ക്കാണെങ്കിലും ഇവിടെ മാലിന്യം കുന്നുകൂടി കിടക്കുന്നത് ട്രിഡയുടെ വസ്തുവിലാണ്.
മാലിന്യനീക്കത്തിനായി ജെ.സി.ബിയുമായി ചെന്നപ്പോൾ ട്രിഡ അനുമതി നൽകിയില്ലെന്നാണ് നഗരസഭയുടെ വാദം. തങ്ങളുടെ വസ്‌തുവിൽ നഗരസഭ കയറേണ്ടെന്നാണ് ട്രിഡയുടെ നിലപാട്. തർക്കത്തെക്കുറിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ട് മേയർ ആര്യാ രാജേന്ദ്രന് കൈമാറിയിട്ടുണ്ട്. ട്രിഡയുടെ തടസമില്ലെങ്കിൽ മാലിന്യം അന്നുതന്നെ മാറ്റുമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ തങ്ങൾക്ക് അങ്ങനെയൊരു പരാതി വന്നില്ലെന്നാണ് ട്രിഡ അധികൃതരുടെ വാദം.
ദുർഗന്ധം അസഹനീയമായതോടെ സമീപത്തെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നഗരസഭയ്ക്ക് കത്തുനൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. സംഭവത്തിൽ ജില്ലാ കളക്ടർക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
1 ടൺ മാലിന്യമല
ഒരു വർഷം മുമ്പുവരെ വലിയ മാലിന്യക്കൂമ്പാരമില്ലായിരുന്ന ഇവിടെ ഒരുടണ്ണിലധികം മാലിന്യമാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ളവർ ശ്രദ്ധിക്കാതിരുന്നപ്പോൾ മാലിന്യം തള്ളൽ പതിവാകുകയായിരുന്നു. ഇറച്ചി മാലിന്യം, ആഹാരാവശിഷ്ടം,പ്ളാസ്റ്റിക്ക് എന്നിവയാണ് കൂടുതലുള്ളത്. പച്ചക്കറിക്കടകളിൽ നിന്നുള്ള അഴുകിയ പച്ചക്കറികളും തള്ളുന്നുണ്ട്. അനധികൃത അറവുശാലകളിൽ നിന്നുള്ള മാംസാവശിഷ്ടവും ഇവിടെ തള്ളുന്നുണ്ടെന്നാണ് പരാതി.
പകർച്ചവ്യാധികളുടെ
പിടിയിൽ പ്രദേശം
പ്രദേശത്ത് പകർച്ചവ്യാധികൾ പെരുകുന്നതിന് മാലിന്യമല കാരണമാകുന്നുണ്ട്. വാട്ടർ അതോറിട്ടി ഓഫീസിലെ ജീവനക്കാരും ഉപഭോക്താക്കളുമടക്കും ദിവസേന നിരവധിപ്പേർ കടന്നുപോകുന്ന പ്രധാന റോഡിന്റെ വശത്താണിത്. മൂക്കുപൊത്താതെ ഇതുവഴി പോകാൻ സാധിക്കില്ല.
മലിനജലം കെട്ടിക്കിടന്ന് കൊതുകും പെരുകുന്നുണ്ട്. സ്വകാര്യ ഏജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള മാലിന്യം ഹരിതകർമ്മസേന വഴിയും ശേഖരിക്കുന്നു. നഗരസഭാതല ശുചിത്വ പരിപാലനസമിതി എല്ലാ ആഴ്ചയും ചേരാനും നിലവിൽ പ്രവർത്തിക്കാത്ത എയ്റോബിക് ബിന്നുകൾ പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.