
തിരുവനന്തപുരം: പേട്ട എം.കെ.കെ.നായർ റോഡിൽ തെരുവുനായ ശല്യം രൂക്ഷം.ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഓണദിവസം മൂന്ന് പേരെയാണ് തെരുവുനായ കടിച്ചത്. കൂട്ടമായെത്തുന്ന നായ്ക്കൾ പലപ്പോഴും ആക്രമണകാരികളാകാറുണ്ട്.
പതിനഞ്ചോളം തെരുവുനായ്ക്കളാണ് ഇവിടെ സ്ഥിരമായി തമ്പടിച്ചിരിക്കുന്നത്. നായ്‌ക്കൂട്ടം ഇരുചക്രവാഹനങ്ങളുടെ പിറകെ ഓടി യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. നാട്ടുകാർക്കോ സ്കൂൾ കുട്ടികൾക്കോ ഇതുവഴി നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്.രക്ഷാകർത്താക്കൾ കുട്ടികളെ പാൽക്കുളങ്ങര റോഡ് വഴി ചുറ്റിയാണ് സ്കൂളിലെത്തിക്കുന്നത്.
നായ ശല്യത്തിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്കടക്കം പരാതി നൽകിട്ടുണ്ട്.എന്നാൽ നാൾ ഇതുവരെ ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
താവളം ക്രൈംബ്രാഞ്ച്
ഓഫീസിനു മുന്നിൽ
എം.കെ.കെ.നായർ റോഡിലെ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ നിരത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അടിയിലാണ് തെരുവുനായ്ക്കളുടെ പ്രധാന ആവാസകേന്ദ്രം.പേട്ട വെറ്ററിനറി ആശുപത്രിയിൽ നിന്ന് വന്ധ്യംകരിച്ച നായ്ക്കളെ ഇവിടെയാണ് കൊണ്ടുവിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മൂന്നാം ഓണത്തിനാണ് നടക്കാനിറങ്ങിയ എന്നെ ഒരു പ്രകോപനവുമില്ലാതെ നായ കടിച്ചത്.വാക്സിൻ എടുത്തുകൊണ്ടിരിക്കുകയാണ്.
സതീഷ്,കെ.എൻ.ആർ.എ പ്രസിഡന്റ്
കുട്ടികൾക്ക് ഒറ്റയ്ക്ക് സ്കൂളിലോ ട്യൂഷനോ നടന്നുപോകാൻ പേടിയാണ്.നിരവധി കുട്ടികൾ ട്യൂഷൻ നിറുത്തി. കവറുമായി പോയാൽ ഭക്ഷണസാധനമെന്നു കരുതി പിന്തുടരുന്നതും പതിവാണ്.
വീട്ടമ്മ