
വിപ്ളവകാരിയായി കമ്മ്യൂണിസ്റ്റ് ജീവിതം ആരംഭിക്കുകയും തൊഴിലാളി വർഗ പ്രസ്ഥാനത്തിന് ഉജ്ജ്വലമായ സംഭാവനകൾ നൽകുകയും ചെയ്ത നേതാവിനെയാണ് എം.എം. ലോറൻസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സമരസന്നിഭമായ കാലഘട്ടത്തിൽ തിളയ്ക്കുന്ന യൗവനത്തിന്റെ ആവേശവുമായി പതിനെട്ടുവയസ് തികയുംമുമ്പേ എടുത്തുചാടിയ ലോറൻസ് കൊടിയ യാതനകൾ നേരിട്ടാണ് പാർട്ടിയിൽ ഉയർന്നുവന്നത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായി അറസ്റ്റിലാവുകയും ദീർഘകാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസമനുഭവിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ നേരിട്ട ക്രൂരമർദ്ദനത്തിന്റെ കഥകൾ അദ്ദേഹം ആത്മകഥയായ 'ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ" എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം ലോറൻസിന്റെ ജീവിതത്തിലെ നിർണായകമായ ഒരു ഏടായിരുന്നു. സ്റ്റേഷൻ ആക്രമണത്തെത്തുടർന്ന് ഒളിവിൽപ്പോയ ലോറൻസ് ഒറ്റികൊടുക്കപ്പെട്ടതിനാലാണ് പൊലീസ് പിടിയിലായത്. തുടർന്ന് കൊടുംമർദ്ദനങ്ങൾ നേരിട്ടെങ്കിലും കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാപ്പുസാക്ഷിയാകാൻ താനോ തന്റെ ഒപ്പമുണ്ടായിരുന്ന പാർട്ടിയിലെ മറ്റ് അംഗങ്ങളോ തയ്യാറായില്ലെന്ന് അഭിമാനത്തോടെയാണ് ലോറൻസ് പറയുന്നത്.
കൊച്ചിയിലെ തുറമുഖ തൊഴിലാളികളെയും പ്ളാന്റേഷൻ മേഖലയിലെ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ ലോറൻസ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. തോട്ടിപ്പണി ചെയ്യുന്ന, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ കൈപിടിച്ചുയർത്തിയ ലോറൻസിന് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ കവിതയിലൂടെ ആദരവ് പ്രകടിപ്പിച്ചത് സ്മരണീയമാണ്. പന്ത്രണ്ട് വർഷക്കാലം കൺവീനറായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിച്ചു. ഈ കാലയളവിൽ 1987 ലും 1996 ലും കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിൽവന്നു. കൺവീനർ എന്ന നിലയിൽ മുന്നണിയിലെ ഘടകകക്ഷികളെ ഒപ്പം നിറുത്തുന്നതിൽ അദ്ദേഹം നല്ല പങ്കു വഹിച്ചിരുന്നു. പത്താംക്ളാസുവരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും ഇംഗ്ളീഷ് ഭാഷയിൽ സ്വാധീനം നേടുകയും ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ പലപ്പോഴും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായും ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായും പ്രവർത്തിച്ചു.
സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമായ ഘട്ടത്തിൽ സി.ഐ.ടി.യു പക്ഷത്തിന്റെ ശക്തനായ വക്താവ് ആയിരുന്നു ലോറൻസ്. ഇത് പിന്നീട് അദ്ദേഹത്തെ പല പ്രതിസന്ധികളിലും കൊണ്ടെത്തിച്ചു. പാർട്ടിയിലെ പ്രമുഖ നേതാവായ വി.എസ്. അച്യുതാനന്ദനുമായിട്ടുള്ള അഭിപ്രായ ഭിന്നതകൾ ഏറെ ചർച്ചയായിരുന്നു. പാലക്കാട്ട് 1998- ൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഒതുക്കപ്പെട്ട ലോറൻസ്, സേവ് സി.പി.എം ഫോറവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവെന്ന വിമർശനം നേരിട്ടു. ഇതുസംബന്ധിച്ച് പാർട്ടി നടത്തിയ അന്വേഷണത്തിൽ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു. തന്റെ ശരികളിൽ ഉറച്ചുവിശ്വസിക്കുമ്പോഴും പാർട്ടി അച്ചടക്കം പരസ്യമായി ലംഘിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. പിന്നീട് സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചുവരാനും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാനും ഇത് ലോറൻസിന് വഴിയൊരുക്കി.
പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളിൽ തനിക്കൊപ്പം നിന്ന പലരും നിലപാടും ചുവടും മാറ്റിയപ്പോൾ ലോറൻസ് ഉറച്ചുനിന്നു. നിർഭയനായിരുന്നു. ഇന്നത്തെപ്പോലെ രാഷ്ട്രീയ പ്രവർത്തനം ആർഭാടപൂർണമല്ലാത്ത കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു ലോറൻസ്. വിഭാഗീയതയുടെ പേരിൽ ചില ആരോപണങ്ങൾ നേരിട്ടുവെങ്കിലും പലതും തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്ന് കാലം തെളിയിച്ചു. ലളിതമായ ജീവിതമാണ് നയിച്ചത്. ജീവിതസായാഹ്നത്തിൽ സാമ്പത്തിക ദുരിതങ്ങളടക്കം നേരിട്ടപ്പോൾ പാർട്ടി സംരക്ഷിക്കുകയായിരുന്നു. 95-ാം വയസിലാണ് ലോറൻസിന്റെ അന്ത്യം. കാലം വിസ്മരിക്കാത്ത ഒരു നേതാവായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ലോറൻസിനും ഇടമുണ്ടാകും.