
ശിവഗിരി: ഏകലോക വ്യവസ്ഥിതി ലോകത്തിന് പ്രദാനം ചെയ്ത വിശ്വമഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മഹാസമാധി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. ബുദ്ധന്റെ അഹിംസയും ക്രിസ്തുവിന്റെ സ്നേഹവും നബിയുടെ സാഹോദര്യവും ശ്രീശങ്കരന്റെ ജ്ഞാനവും ഭാരതീയഗുരുക്കന്മാരുടെ ആദ്ധ്യാത്മികതയും സമന്വയിപ്പിച്ച വിശ്വദർശനമാണ് ലോകത്തിനാവശ്യമെന്ന് ഉപദേശിച്ച മഹാത്മാവാണ് ഗുരുദേവൻ. രാജ്യം കണ്ട സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറുടെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും ഗണത്തിലല്ല ഗുരുദേവനുള്ളത്. കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ശങ്കരാചാര്യരും ഉൾപ്പെടുന്ന ഗുരുവര്യർക്കൊപ്പമുള്ള അഖണ്ഡസച്ചിദാനന്ദ സ്വരൂപമാണ് ശ്രീനാരായണഗുരുദേവൻ. ശിവഗിരിമഠം എല്ലാ ജാതിമതത്തിൽപ്പെട്ടവർക്കും ഉള്ളതാണ്. കേരളത്തിലെ സർവജാതി മതസ്ഥരും ഗുരുവിന് ശിഷ്യരായുണ്ട്. ഗുരുദേവ മഹാസമാധി ശതാബ്‌ദിയോടടുക്കുന്ന അവസരത്തിൽ മൂന്നു വർഷക്കാലം നീണ്ടുനിൽക്കുന്ന ആചരണപരിപാടികൾ ഗുരുദേവസന്ദേശ പ്രചാരണത്തിനായി സംഘടിപ്പിക്കാൻ ശിവഗിരിമഠം ആലോചിക്കുന്നുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.