cf

തിരുവനന്തപുരം:എ.ഡി.ജി.പി.എം. ആർ അജിത് കുമാർ ആർ.എസ്.എസ്.നേതാക്കളെ കണ്ടത് തന്റെ ഇടനിലക്കാരനായാണെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. തനിക്കു വേണ്ടി ഇടനില പിടിക്കാനും വഴിവിട്ട കാര്യത്തിന് കൂട്ടുനിൽക്കാനും ആർക്കും കഴിയില്ല. ഒരിക്കലും വഴിവിട്ട ഒരു കാര്യത്തിനും നടക്കുന്നയാളല്ല താൻ.

രാഷ്ടീയ താൽപര്യത്തിന് പോലീസുകാരെ ഇടനിലക്കാരായി ഉപയോഗിക്കുന്നത് കോൺഗ്രസ് ശൈലിയാണെന്നും ഇടതുമുന്നണിക്ക് അതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് മുൻകാല അനുഭവത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. വി.ഡി.സതീശൻ പഴയ കാലം മറന്നെങ്കിൽ അദ്ദേഹം ചിലത് ഓർക്കേണ്ടതുണ്ട്.

കുപ്രസിദ്ധമായ കോ - ലീ - ബി സഖ്യത്തിന് ഇടനിലയും കാർമികത്വവും വഹിച്ചത് താനാണെന്ന് കെ കരുണാകരന്റെ വിശ്വസ്തനായ പോലീസ് മേധാവി ജയറാം പടിക്കൽ വെളിപ്പെടുത്തിയത്, വെങ്ങാനൂർ ബാലകൃഷ്ണൻ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട്. ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലും പച്ചയായ സത്യമായി മുന്നിലുളളപ്പോഴാണ് പ്രതിപക്ഷനേതാവ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും അതിന്റെ പഴയ നേതാവിനും ചേരുന്ന തൊപ്പി തന്റെ തലയിൽ ചാർത്താൻ നോക്കുന്നത്.

എ.ഡി.ജി.പി.അജിത് കുമാറിനെതിരെയുള്ള ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോർട്ട് ലഭിക്കുമ്പോൾ യുക്തമായ തീരുമാനം കൈകൊളളും. ഒരുകാര്യം വ്യക്തമായി പറയാം - ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് തങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യങ്ങളെ ബാധിക്കുന്നതാണെങ്കിൽ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോർട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.