വെള്ളനാട്: സ്ത്രീകളെയും കുട്ടിയേയും മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ശശി 50 വർഷത്തിലേറെ വെള്ളനാട്ടെ കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സി.പി.എമ്മിൽ ചേർന്നത്.
കെ.പി.സി.സി നിർവാഹക സമിതിയംഗമായിരുന്ന ശശി 25 വർഷം വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,അഞ്ചുവർഷം വൈസ് പ്രസിഡന്റ്,എട്ടുവർഷം ഗ്രാമ പഞ്ചായത്തംഗം,അഞ്ചുവർഷം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം,2020 മുതൽ ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമാണ്. നിലവിൽ ജില്ലാ പഞ്ചായത്തംഗത്തിന് പുറമേ വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷമാണ് കോൺഗ്രസുമായുള്ള വെള്ളനാട് ശശിയുടെ അകൽച്ച തുടങ്ങിയത്. കോൺഗ്രസിൽ വിജയിച്ച് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി വന്നവർക്ക് സ്ഥാനങ്ങൾ നൽകിയപ്പോൾ ജില്ലാ പഞ്ചായത്തംഗമെന്ന നിലയിൽ തനിക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് ശശിക്ക് പരാതിയുണ്ടായിരുന്നു. തുടക്കത്തി
വെള്ളനാട് സി.എച്ച്.സിയിൽ കയറി ഡോക്ടറെ മർദ്ദിച്ച സംഭവത്തിലും ത്രിവേണി സൂപ്പർമാർക്കറ്റിൽ അതിക്രമിച്ച് കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ സംഭവത്തിലും ശശി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. വെള്ളനാട് സഹകരണ ബാങ്കിന്റെ കീഴിലുള്ള കെട്ടിടത്തിലെ ത്രിവേണി സ്റ്റോർ കാലാവധി കഴിഞ്ഞതിനാൽ ഒഴിയണമെന്ന് പ്രസിഡന്റായിരുന്ന വെള്ളനാട് ശശി ആവശ്യപ്പെട്ടിരുന്നു. ഒഴിയാത്തതിൽ പ്രകോപിതനായി സ്റ്റോറിലേക്ക് അതിക്രമിച്ച് കയറിയ ശശി ജീവനക്കാരോട് ദേഷ്യപ്പെടുകയും സ്റ്റോർ ഷട്ടറിട്ട് പൂട്ടുകയും ചെയ്‌തു. ഒടുവിൽ പൊലീസെത്തിയാണ് ശശിയെ അറസ്റ്റുചെയ്‌ത് നീക്കിയത്.
2022 ജൂലായിൽ അസഭ്യം പറഞ്ഞെന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മിയുടെ പരാതിയിലും ശശിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ വെള്ളനാട് ശശിയും സഹോദരനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വെള്ളനാട് ശ്രീകണ്ഠനും പരസ്യമായി ഏറ്റുമുട്ടിയതും കോൺഗ്രസിന് നാണക്കേടായി. പഞ്ചായത്ത് ഭരണസമിതിയുമായി പിണക്കത്തിലായതോടെ പഞ്ചായത്തിന്റെ പരിപാടികളിൽ ശശിയെ വിളിക്കാൻ വെള്ളനാട്ടെ കോൺഗ്രസുകാർ വിമുഖത കാട്ടിയിരുന്നു.
തന്റെ അനുവാദമില്ലാതെ ഫ്ലക്‌സിൽ പേരും ചിത്രവും വച്ചെന്നാരോപിച്ച് വെള്ളനാട് പഞ്ചായത്ത് സ്ഥാപിച്ച ഫ്ലക്‌സ് കീറിയതിനും ശശിയുടെ പേരിൽ കേസെടുത്തു. ഭരണസമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡിൽ നിന്നാണ് അദ്ദേഹം സ്വന്തം ചിത്രം വെട്ടിയെടുത്ത് പ്രതിഷേധിച്ചത്. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമുള്ള കേസുകളാണെങ്കിലും എല്ലാ കേസുകളിലും ശശി ജാമ്യം നേടി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ വെള്ളനാട് ശശി സജീവമായിരുന്നു. എന്നാൽ സ്വന്തം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പദവിയിൽ നിന്ന് മാറ്റി വെള്ളനാട് ശ്രീകണ്ഠന് ചുമതല നൽകിയതാണ് കോൺഗ്രസുമായുള്ള തർക്കം രൂക്ഷമാക്കിയത്. ഒടുവിൽ ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ രാജിവച്ച് ഉപാധികളില്ലാതെ സി.പി.എമ്മിൽ ചേർന്നു.
എന്നാൽ ശശിയുടെ ഒറ്റയാൾ പോരാട്ടങ്ങളും ജനപിന്തുണയും സി.പി.എം ഉപയോഗപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ ശശിയെ സി.പി.എം ചിഹ്നത്തിൽ മത്സരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വെള്ളനാട് ശശിയുടെ വിജയം കോൺഗ്രസിന് നാണക്കേടുണ്ടാക്കി. സി.പി.എമ്മിലെത്തിയ ശേഷം പാർട്ടിക്ക് വിധേയനായി വരികയായിരുന്നെങ്കിലും സ്ത്രീകളെയും കുട്ടിയേയും മർദ്ദിച്ചത് സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.