കാട്ടാക്കട : വഴിയോരത്തെ അനധികൃത മത്സ്യക്കച്ചവടം കാട്ടാക്കട മാർക്കറ്റിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു നേരെ വധശ്രമം.വെള്ളിയാഴ്ച വൈകിട്ടോടെ പൂവച്ചൽ പുന്നാംകരിക്കകം വളവിൽ പുത്തൻവീട്ടിൽ സുലൈമാൻ, പ്രസിഡന്റിന്റെ ക്യാബിനിൽ കയറി, വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തു.
പഞ്ചായത്ത് ഓഫീസിൽ മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട യോഗം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് പ്രസിഡന്റിനു നേരെ ആക്രമണം നടന്നത്. ക്യാബിനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പുറത്തേക്ക് ഓടുകയും, ബഹളം കേട്ട് അവിടേക്ക് എത്തിയ പഞ്ചായത്ത് സെക്രട്ടറിയും മറ്റ് സ്റ്റാഫുകളും ചേർന്ന് പ്രസിഡന്റിനെ രക്ഷപ്പെടുത്തുകയും പ്രതിയെ ക്യാബിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. അക്രമാസക്തമായ പ്രതി ഓഫീസിനുള്ളിലെ പ്രധാനപ്പെട്ട ഫയലുകളും പഞ്ചായത്ത് രാജ് ആക്ട് രേഖകളും നശിപ്പിച്ചു. തുടർന്ന് മുൻവശത്തെ വാതിൽ അടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരോട് വധഭീഷണി മുഴക്കുകയും ചെയ്തു. അരമണിക്കൂറോളം പഞ്ചായത്ത് ഓഫീസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇയാളെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.