
തിരുവനന്തപുരം: എം.എം.ലോറൻസിന്റെ വിയോഗം സി.പി.എമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമര കാലത്തെ ആധുനിക കാലവുമായി ബന്ധിപ്പിച്ചു നിറുത്തിയിരുന്ന ഈടുറ്റ രാഷ്ട്രീയ കണ്ണിയെയാണ് നഷ്ടമായത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണകേസിനെ തുടർന്ന് അതിഭീകരമായ മർദനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഒരു പതിറ്റാണ്ട് കാലം ഇടതു ജനാധിപത്യമുന്നണിയുടെ കൺവീനറുമായിരുന്നു എം.എം.ലോറൻസ്.
ധീരനായ പോരാളി: ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: ജന്മി നാടുവാഴി വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിൽ സജീവ പങ്ക് വഹിച്ച നേതാവാണ് എം.എം. ലോറൻസെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുസ്മരിച്ചു. ഉന്നതനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളുമായ ലോറൻസിന്റെ നിര്യാണം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.
കരുത്തുറ്റ തൊഴിലാളി
സംഘടനാ നേതാവ്:
വി.ഡി. സതീശൻ
കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.
കരുത്തുറ്റ തൊഴിലാളി സംഘടനാ നേതാവും മികച്ച സംഘാടകനുമായിരുന്നു ലോറൻസ്. ശക്തമായ നിലപാടുകൾ സ്വീകരിക്കാനും അതിൽ ഉറച്ചു നിൽക്കാനും പാർട്ടി ചട്ടക്കൂട് ലോറൻസിന് ഒരിക്കലും തടസമായിരുന്നില്ല.
പാർട്ടിക്ക് സമർപ്പിച്ച
ജീവിതം: മന്ത്രി രാജീവ്
ശരിയായ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ വിശകലനം ചെയ്യാനും കാര്യങ്ങളിൽ ഇടപെടാനും കഴിഞ്ഞ നേതാവാണ് എം.എം. ലോറൻസെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഏറ്റവും കഠിനമായ കാലഘത്തിൽ പാർട്ടിക്കായി പോരാടിയ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ജില്ലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ലോറൻസിന്റെ പങ്ക് നിർണായകമായിരുന്നെന്നും രാജീവ് പറഞ്ഞു.