തിരുവനന്തപുരം: നട്ടെല്ലിലെ അതിസങ്കീർണമായ വളവ് നിവർത്തി കിംസ്‌ഹെൽത്തിലെ മെഡിക്കൽ സംഘം. നിൽക്കാനോ നടക്കാനോ സാധിക്കാതെ വീൽച്ചെയറിലായിരുന്ന കൊട്ടാരക്കര സ്വദേശി 52കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
'അപ്പർ തൊറാസിക് കൈഫോസ്‌കോളിയോസിസ്' എന്ന രോഗാവസ്ഥയാണ് 14 മണിക്കൂർ നീണ്ടുനിന്ന സങ്കീർണ ശസ്ത്രക്രിയയ്‌ക്കൊടുവിൽ പരിഹരിച്ചത്.അസ്വാഭാവികമായി അകത്തേക്കും വശത്തേക്കും നട്ടെല്ല് വളഞ്ഞുപോകുന്ന അപൂർവ രോഗാവസ്ഥയാണിത്.ഇതുമൂലം രോഗിയുടെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. നാഡികളിലും ത്വക്കിൽ നിന്നും ട്യൂമറുകൾ വളർന്നുവരുന്ന ന്യൂറോഫിബ്രോമാറ്റോസിസ് എന്ന ജനിതക വൈകല്യവും കൂടിയായപ്പോൾ രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കി.കാലക്രമേണ നട്ടെല്ല് കൂടുതൽ വളഞ്ഞ് കാലുകളുടെ ബലം നഷ്ടപ്പെട്ട് ശരീരം തളരുകയും മലമൂത്ര വിസർജ്ജനത്തിനുള്ള നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് കിംസ്‌ഹെൽത്തിലെത്തിയത്.
കൺസൾട്ടന്റ് ഓർത്തോപീഡിക് സ്‌പൈൻ സർജ്ജൻ ഡോ.രഞ്ജിത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.നെഞ്ച് തുറന്നുള്ള പരമ്പരാഗത ശസ്ത്രക്രിയയ്ക്കു പകരം പുറംവശത്ത് കൂടി തള്ളിനിൽക്കുന്ന ഭാഗങ്ങൾ നീക്കി നട്ടെല്ലിനെ ബലപ്പെടുത്തി ടൈറ്റാനിയം റോഡുകളും കേജുകളുമുപയോഗിച്ച് സ്‌പൈനൽകോളം പുനർനിർമ്മിക്കുകയായിരുന്നു.10 ദിവസത്തിനുള്ളിൽ രോഗി നടന്നുതുടങ്ങി.അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജേക്കബ് ജോൺ തിയോഫിലസ്,ഓർത്തോപീഡിക് സർജ്ജൻമാരായ ഡോ.അശ്വിൻ.സി.നായർ,ഡോ.അനൂപ് ശിവകുമാർ,ഡോ.പ്രതീപ് മോനി.വി.ബി,ഡോ.ജെറി ജോൺ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.