വെഞ്ഞാറമൂട് : മഴ മാറി മാനം തെളിഞ്ഞതോടെ പകൽച്ചൂടിൽ ജനം വിയർത്തൊലിക്കുമ്പോൾ ഉള്ളം തണുപ്പിക്കാൻ പാതയോരങ്ങളിൽ ഇളനീർ വില്പന സജീവമായി. മുൻപ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ശീതളപാനീയങ്ങൾക്കും ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല. കരിക്കും കരിമ്പിൻ ജ്യൂസുമാണ് വിപണി കീഴടക്കിയിരിക്കുന്നത്. നഗരത്തിലെയും ഗ്രാമങ്ങളിലെയും ഫ്രൂട്ട്സ് കടകളിലെയും പ്രധാന ഐറ്റമാണ് കരിക്കുകൾ. വാഹനങ്ങളിലും ചെറിയ തട്ടുകളും ക്രമീകരിച്ചാണ് വിപണനം നടക്കുന്നത്. നാടൻ കരിക്കിനും ചെന്തെങ്ങ് കരിക്കിനുമാണ് ആവശ്യക്കാരേറെയും. ഇതിന് വെള്ളവും മധുരവും കൂടുതലാണ്. പനങ്കരിക്കും വിപണിയിലുണ്ട്. 50 രൂപയാണ് വില. പാലക്കാട്, ആലപ്പുഴ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കരിക്കുകൾ എത്തുന്നുണ്ട്.

ഗുണങ്ങളേറെ

നിരന്തരം കരിക്ക് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷിയും സൗന്ദര്യവും വർദ്ധിക്കുന്നു. വരണ്ട ച‌ർമ്മം,​ മുഖത്തെ ചുളിവുകൾ,​ മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ കരിക്കിൻ വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ പലരോഗങ്ങൾ ഭേദമാകാനും ശരീരത്തിലെ ക്ഷീണവും തളർച്ചയും അകറ്റാനും ഉത്തമമാണ്. കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും കരിക്കിൻ വെള്ളം സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന അണുക്കളെ നശിപ്പിക്കാനുള്ള കഴിവും കരിക്കിനുണ്ട്.