കിളിമാനൂർ: പുഴകളിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. ജലസ്രോതസുകളിൽ മാലിന്യം കലർന്നതുമൂലം മലയോരമേഖല പകർച്ചവ്യാധി ഭീഷണിയിലാണ്. ചിതറ, കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിറ്റാറിന്റെ കൈവഴിയിലാണ് പതിവായി കക്കൂസ് മാലിന്യം ഒഴുക്കുന്നത്. രാത്രി ടാങ്കറിൽ കൊണ്ടുവന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഒഴിഞ്ഞ പ്രദേശമായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. എന്നാൽ അസഹ്യമായ ദുർഗന്ധവും പുഴയുടെ നിറം കറുപ്പായി ഒഴുകുമ്പോഴുമാണ് മാലിന്യം കലർന്നെന്ന് മനസിലാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകുന്നതിനും കന്നുകാലികളെ കുളിപ്പിക്കാനും കൃഷി ആവശ്യത്തിനുമെല്ലാം ഈ പുഴയെയാണ് ആശ്രയിക്കുന്നത്. ജനസഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിൽ വാഹനം ഒതുക്കിയിട്ട് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനാൽ ഇവരെ പിടികൂടാൻ പ്രയാസമാണ്. മുമ്പ് നഗരങ്ങളിൽ നിന്നാണ് ഇത്തരം മാലിന്യങ്ങൾ കൊണ്ടു വരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും ഇത്തരത്തിൽ മാലിന്യം വരുന്നു. തിരുവോണ നാളിലുൾപ്പെടെ ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. പലരും ഇതറിയാതെ കുളിക്കാനും തുണി കഴുകാനുമെല്ലാം പുഴയിലെത്തി മടങ്ങുകയായിരുന്നു. ഇത്തരത്തിൽ പല പുഴകളും ഇപ്പോൾ മാലിന്യ വാഹികളായി മാറിക്കഴിഞ്ഞു. അതിനാൽ പുഴക്കടവുകൾ കാടുകയറി പുഴകളിൽ ആരും എത്താത്ത സാഹചര്യവുമുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നതിനാൽ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കുകയും പൊലീസ് പട്രോളിംഗ് ശക്തമാക്കി കുറ്റക്കാരെ പിടികൂടി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.