പാലോട്: പരിശോധനകളിൽ ഇളവ് വന്നതോടെ വീണ്ടും ഗ്രാമീണമേഖലകളിൽ അറവ് ഹോട്ടൽമാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. നന്ദിയോട് നവോദയ സ്കൂളിന് സമീപം അറവുമാലിന്യം തള്ളിയതോടെ ദുർഗന്ധം കാരണം വഴിനടക്കാൻപോലും വയ്യ. അർദ്ധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഇറച്ചി വേസ്റ്റുകൾ റോഡിലേക്കാണ് വലിച്ചെറിയുന്നത്. നിരവധി തവണ മാലിന്യം തള്ളാനെത്തിയവരെയും അവരുടെ വാഹനങ്ങളെയും പിടികൂടി പിഴചുമത്തിയെങ്കിലും മാലിന്യ നിക്ഷേപത്തിന് കുറവില്ല. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അറവുശാലകളിൽ നിന്നും പൗൾട്രിഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ ചാക്കുകെട്ടുകളിൽ നിറച്ച അറവുമാലിന്യങ്ങൾ ഈ റോഡുകളിൽ തള്ളുന്നതും പതിവായിരിക്കുകയാണ്.

 മാലിന്യത്തിന്റെ പ്രധാന കേന്ദ്രങ്ങൾ

 പാലോട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പാണ്ഡ്യൻപാറ മുതൽ സുമതി വളവുവരെ മാലിന്യം നിറഞ്ഞു.

 നന്ദിയോട് പഞ്ചായത്തിലെ വലിയ താന്നിമൂടിനു സമീപം മാലിന്യം കുമിഞ്ഞുകൂടി.

 നന്ദിയോട്, പാങ്ങോട് പ‌‌ഞ്ചായത്തുകളിലെ സ്ഥാപനങ്ങളാണ് ഇവിടെ മാലിന്യം തള്ളുന്നതെന്നാണ് പരാതി

 നന്ദിയോട്ട് കെ.എസ്.ഇ.ബി ഓഫീസിനും മൃഗാശുപത്രിക്കും മുന്നിൽ ഈച്ചയും പുഴുവും നിറഞ്ഞ് മാലിന്യം

 പകർച്ചവ്യാധികൾക്ക് സാദ്ധ്യത

മഴ പെയ്തു തുടങ്ങിയതോടെ മാർക്കറ്റുകളിലേയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു. നന്ദിയോട്ട് കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം കാരണം നടക്കാൻപോലും വയ്യ. കള്ളിപ്പാറ, തോട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന കൈത്തോടുകളിലേക്ക് സെപ്റ്റിക് മാലിന്യങ്ങളും ഒഴുക്കുന്നു. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികാരികളുടെ പരിശോധനകൾ ഈ ഭാഗങ്ങളിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

തെരുവ് കൈയടക്കി നായ്ക്കൂട്ടം

നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിൽ തെരുവുനായ്ക്കൂട്ടം വർദ്ധിക്കുന്നു. ഒപ്പം കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും റോഡിലേക്ക് ഇറങ്ങും.