
റോബോട്ടുകൾക്കു തുല്യമായ മനുഷ്യരെയാണ് പുതിയ കാലത്തെ കമ്പനികൾക്കാവശ്യം. ജീവനക്കാരുടെ വ്യക്തിപരമോ കുടുംബപരമോ ആയ ബാദ്ധ്യതകൾ 'ഔട്ട് പുട്ടിനെ" ബാധിക്കുമെന്നാണ് നിരീക്ഷണം. മുംബയ് ആസ്ഥാനമായ ഒരു കമ്പനി ഈയിടെ പ്രസിദ്ധീകരിച്ച ഹയറിംഗ് പരസ്യത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ: 'പേഴ്സണൽ ലൈഫ് ഷുഡ് ബി സോർട്ടഡ് വിത്ത് നോ ബാഗേജ് !"
ടി.സി.എസ് ബംഗളൂരുവിലെ സോഫ്ട് വെയർ എൻജിനിയറും പാപ്പിനിശേരി സ്വദേശിയുമായ ബി. ജീന ഈ മാസം 19 ന് വൈകിട്ടാണ് വടകരയിലെ ഭർതൃവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ദിവസം 12 മണിക്കൂറിലേറെ ജോലിചെയ്തിരുന്ന ജീനയ്ക്ക് മാതാപിതാക്കളോട് ഫോണിൽ സംസാരിക്കാൻ കഴിയാത്തത്ര തിരക്കും ജോലിസമ്മർദ്ദവും ഉണ്ടായിരുന്നതായി ഭർത്താവും ഹിന്ദുസ്ഥാൻ കമ്പ്യൂട്ടർ ലിമിറ്റഡിൽ ഉദ്യോഗസ്ഥനുമായ ബി. സന്ദീപ് പറഞ്ഞു. മാതാപിതാക്കളുടെ രണ്ടു മക്കളിൽ ഇളയവളായിരുന്നു പഠനത്തിലും ജോലിയിലും സമർത്ഥയായിരുന്ന ജീന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ.
വർക്ക് ഫ്രം ഹോം
എന്ന സമ്മർദ്ദം
കൊവിഡിന്റെ കാലത്ത് പ്രചാരത്തിലായ വർക്ക് ഫ്രം ഹോം തുടക്കത്തിൽ സന്തോഷമായിരുന്നു. എന്നാൽ നിയതമായ ഡ്യൂട്ടിസമയമില്ലെന്ന കാരണത്താൽ ഏറ്രവും കൂടുതൽ ജോലിസമ്മർദ്ദം അനുഭവിക്കുന്നവരാണ് വർക്ക് ഫ്രം ഹോം വിഭാഗത്തിലുള്ളത്. ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഡ്യൂട്ടിസമയം കഴിഞ്ഞാൽ കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചെലവഴിക്കാൻ സമയം ലഭിക്കും. എന്നാലിപ്പോൾ അസമയത്തു പോലും ജോലികൾ ഏൽപ്പിക്കുകയും ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഓവർടൈം വാഗ്ദാനം ചെയ്താണ് ഓഫ് ദിനങ്ങളായ ശനിയും ഞായറും ജോലി ചെയ്യിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂർ മാത്രം ആവശ്യപ്പെടുന്ന കമ്പനി നൽകുന്ന ജോലി തീരുമ്പോൾ പാതിരാവാകുമെന്നു മാത്രം! വിശ്രമമില്ലാതെയാവുന്ന ശരീരവും മനസും പണിമുടക്കുമെന്നതാണ് ഇതിലെ അപകടം.
ജോലിസമ്മർദ്ദത്തെത്തുടർന്ന് ഹൃദയത്തിന്റെ താളംതെറ്റിയുള്ള മരണങ്ങളും ഹൃദയസംബന്ധമായ രോഗങ്ങളും വർദ്ധിക്കുന്നതായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്‌ണകുമാർ പ്രഭാകരൻ പറഞ്ഞു. 30- 50 പ്രായപരിധിയിലുള്ളവരിലാണ് ഹൃദ്രോഗം കൂടുന്നത്. ജീവനക്കാർക്കിടയിൽ ഹൃദയാഘാത മരണം വർദ്ധിക്കുന്നത് പഠനവിധേയമാക്കണമെന്ന് ഐ.ടി ജീവനക്കാരുടെ സംഘടനയായ 'പ്രതിദ്ധ്വനി" ആവശ്യപ്പെടുന്നു.
ഒരേസമയം രണ്ട്
പ്രോജക്ടിനായി ഓട്ടം
ഒരേസമയം രണ്ടു പ്രോജക്ടിനായി 18 മണിക്കൂർവരെ ജോലിചെയ്യേണ്ടിവന്ന കഥയാണ്, പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിമൂന്നുകാരി സുനിത പറയുന്നത്. 'കസ്റ്റമറെ പിണക്കാതെ എങ്ങനെയെങ്കിലും മാനേജ് ചെയ്യൂ" എന്നായിരുന്നു കമ്പനിയുടെ നിർദേശം. ഒരു പ്രോജക്ടിന് യാത്രകളും വേണ്ടിവന്നതിനാൽ സമ്മർദ്ദം ഇരട്ടിയായി. മുംബയിൽ രണ്ടാമത്തെ പ്രോജക്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ആദ്യത്തെ പ്രോജക്ടിന്റെ റിവ്യൂ മീറ്റിംഗ് കൂടി അറ്റൻഡ് ചെയ്യേണ്ടിവന്നു. തുടർന്ന് രക്തസമ്മർദ്ദം കൂടി ആശുപത്രിയിലായ ഇവർക്ക് ലീവ് കഴിഞ്ഞെത്തിയിട്ടും കമ്പനി യാതൊരു പരിഗണനയും നൽകിയില്ല. ടീമിൽ അടുത്തയാൾ ജോയിൻ ചെയ്തപ്പോഴാണ് അൽപ്പം ആശ്വാസമായത്.
മാനേജരുടെ
അപരയായും...
മാനേജരുടെ അപരയായി ജോലിചെയ്യേണ്ടിവന്നു, യുവ എൻജിനിയറായ ദിവ്യ സുജിത്തിന്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ വമ്പൻ ക്ലയന്റാണ്. അവർക്ക് മിനിമം 15 കൊല്ലം എക്സ്പീരിയൻസുള്ള ഡെവലപ്പറെയാണ് ആവശ്യം. ഇന്ത്യയിലെ സാഹചര്യമനുസരിച്ച് 15 കൊല്ലമായവർ മാനേജർ ആയിരിക്കും. താനാണ് ഡെവലപ്പറെന്ന് ക്ളയന്റിനെ തെറ്റിദ്ധരിപ്പിച്ച മാനേജർ ഡെവലപ്പർ ആയി ജോയിൻ ചെയ്തു. പക്ഷേ മാനേജറുടെ ഐ.ഡിയിൽ ലോഗിൻചെയ്ത് ജോലി ചെയ്തത് നാലുവർഷം മാത്രം എക്‌സ്‌പീരിയൻസുള്ള ദിവ്യയാണ്!
ജോലിക്കിടെ അദ്ദേഹത്തിനു വരുന്ന മെയിലിനും ചാറ്റിനും മറുപടി നൽകണം. ഒരുതരം ആൾമാറാട്ടം. മീറ്റിംഗുണ്ടെങ്കിൽ മാനേജറെ ജോയിൻ ചെയ്യിച്ച്, പറയാനുള്ള വിവരങ്ങൾ രഹസ്യമായി കൈമാറണം. വലിയ സമ്മർദ്ദമാണ് അനുഭവിച്ചതെന്നു പറയുന്ന യുവതി, ആൾമാറാട്ടം പിടിക്കപ്പെടുമോ എന്ന ഭയത്താൽ പല രാത്രികളിലും ഞെട്ടിയുണരുമായിരുന്നെന്നും സാക്ഷ്യപ്പെടുത്തുന്നു.
വീട്ടിലേക്കും കടന്നുകയറുന്ന ജോലി ടെക്കികളുടെ കുടുംബജീവിതത്തിന്റെ താളംതെറ്റിക്കുകയാണ്. ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നതോടെ മക്കൾ അനാഥമായ മനസോടെയാണ് ജീവിക്കുന്നത്. ട്യൂഷൻ, സ്കൂൾ, ഫ്ളാറ്റ് എന്നീ മൂന്നു ബിന്ദുക്കളിൽ അങ്ങോട്ടുമിങ്ങോട്ടും മാത്രമായി കുഞ്ഞുങ്ങളുടെ ചലനം. പെൺകുഞ്ഞുങ്ങളുടെ വളർച്ച അമ്മമാർക്ക് ശ്രദ്ധിക്കാനാവാതെ കുട്ടികൾ ചതിക്കുഴികളിലാവുന്ന സംഭവങ്ങളുമുണ്ട്.
കുടുംബകാര്യങ്ങൾ ശരിയായി മുന്നോട്ടു പോകാതാവുമ്പോൾ ദമ്പതികൾ തമ്മിലുള്ള കലഹങ്ങളും പതിവ്.
സഹനത്തിൽ
നിന്ന് സമ്മർദ്ദം
കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോഴും തുറന്നുപറയാൻ ഇടമില്ലാതെ ശ്വാസംനിലയ്ക്കാറായ സ്ഥിതിയിലാണ് പലരും. അച്ഛന്റെ സഞ്ചയന ദിവസം പോലും മീറ്റിംഗ്, പ്രോഡക്ട് ഡെമോ എന്നൊക്കെ പറഞ്ഞ് ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന കമ്പനിക്കെതിരെ ക്ഷോഭിച്ചത് 45 കാരനാണ്. ഹോം ലോണും കുട്ടികളുടെ പഠിത്തവും അമ്മയുടെ ചികിത്സയുമൊക്കെ ഓർക്കുമ്പോൾ എങ്ങനെ ജോലി വലിച്ചെറിയുമെന്ന നിസഹായതയും അയാൾ പങ്കുവച്ചു. ഹോംലോൺ, കാർ ലോൺ, കുട്ടികളുടെ പഠിത്തം, വീട്ടുചെലവ്.... ഹസ്ബൻഡ് ഒറ്റയ്ക് എങ്ങനെ മാനേജ് ചെയ്യും? അല്ലെങ്കിൽ ഈ കുരുക്കിൽനിന്ന് എന്നേ തലവലിക്കുമായിരുന്നു... ഗതികേടിന്റെ മറ്റൊരു മുഖമായിരുന്നു, തലസ്ഥാനത്തെ മുപ്പത്തിനാലുകാരിയായ ടെക്കി.
അന്നയുടെ മരണമറിഞ്ഞപ്പോൾ, ആ കുട്ടിക്ക് വിട്ടുപൊയ്ക്കൂടായിരുന്നോ എന്നു ചോദിച്ചവരുണ്ട്. ആ ചോദ്യത്തിന് മറുപടി പറഞ്ഞത് തലസ്ഥാനത്തെ ഇരുപത്തിനാലുകാരിയാണ്. കരിയറിന്റെ തുടക്കത്തിൽ ജോലി ഉപേക്ഷിച്ചാൽ അടുത്ത കമ്പനിക്ക് നമ്മോടുള്ള ആദ്യത്തെ ചോദ്യം കരിയറിന്റെ തുടക്കത്തിൽ മികച്ച കമ്പനിയിൽനിന്ന് ഇത്രവേഗം ഇറങ്ങിയത് എന്തുകൊണ്ടെന്നാവും!
കുരുക്കിലാകുന്ന
ആരോഗ്യം
തന്റെ ഫിസിയോതെറപ്പി സെന്ററിൽ എത്തുന്നവരിലേറെയും ടെക്കികളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു, തലസ്ഥാനത്തെ സ്ഥാപനമുടമ. പതിനാറും പതിനെട്ടും മണിക്കൂർ ഒരേയിരുപ്പിലുള്ള ജോലി കഴുത്തിനും കൈയ്ക്കും നടുവിനും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് സമ്മാനിക്കുന്നത്. ജോലികഴിഞ്ഞാലും വേദന കാരണം രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നില്ല. പെയിൻകില്ലർ ശീലമാക്കിയവരുമുണ്ട് ഇക്കൂട്ടത്തിൽ!
(തുടരും)
ശൈലി മാറിയ ജീവിതം,
പിറകേ രോഗങ്ങൾ!
വ്യായാമില്ലാത്ത ജീവിതവും അനാരോഗ്യകരമായ ഭക്ഷണരീതിയും ഉറക്കമില്ലായ്മയും ഐ.ടി ജീവനക്കാർക്ക് രോഗങ്ങൾ സമ്മാനിക്കുന്നുണ്ട് സമയം തെറ്റിയുള്ള ഭക്ഷണരീതിപോലെ അപകടകരമാണ് സ്‌ട്രെസ് മറികടക്കാനുള്ള അമിതഭക്ഷണവും. പ്രധാന നഗരങ്ങളിലെ നൈറ്റ് ഫുഡ് ഷോപ്പുകളിലും ഫുഡ് വാനുകളിലും രാത്രി വൈകിയും ഭക്ഷണം കഴിക്കാനെത്തുന്നവരിൽ ഏറിയപങ്കും രാവേറെ ജോലി ചെയ്യുന്നവരാണ്.
രാത്രി രണ്ടുമണിക്ക് പൊറോട്ടയും ചിക്കനും ഷവർമയും കഴിക്കാൻ സാധാരണജീവിതം നയിക്കുന്നർക്കാവുമോ? ആത്യന്തിക ഫലം രോഗങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും അസമയത്ത് ഭക്ഷണശാലകളിലേക്ക് ഓടുന്നത്. മറ്റൊരു രാജ്യത്തിന്റെ പകലിൽ തങ്ങളുടെ രാത്രിജോലി സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ട് ചില കണ്ണുകൾ തുറന്നിരിപ്പുണ്ടെന്നറിയുമ്പോൾ എങ്ങനെയും ഉണർന്നിരുന്ന് ജോലിചെയ്യേണ്ടത് അവരുടെ ആവശ്യമാണ്!