വിതുര: ഒടുവിൽ പത്ത് വർഷക്കാലമായി ശോച്യാവസ്ഥയിൽ കിടന്ന ഇരപ്പിൽ ആനപ്പെട്ടി മരുതുംമൂട് റോഡിനും ശാപമോക്ഷമായി. റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും.പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ ഇരപ്പിൽ നിന്നും ആനപ്പെട്ടിവഴി മരുതുംമൂട്ടിലേക്ക് പോകുന്ന റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. റോഡിന്റെ മിക്കഭാഗത്തും കുഴികളുള്ളതിനാൽ മഴക്കാലത്ത് യാത്ര അപകടം നിറഞ്ഞതാണ്. പരപ്പാറഭാഗത്ത് റോഡിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതതടസം ഉണ്ടാകും. റോഡിന്റെ തകർച്ചകാരണം മുൻപ് ബസ് സർവീസ് നിറുത്തിവച്ചിട്ടുണ്ട്.
പ്രധാന റോഡ്
അനവധി സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ആനപ്പെട്ടിവഴി പാലോട്ടേക്കും മറ്റും ധാരാളം പേർ സഞ്ചരിക്കുന്ന പ്രധാന റോഡുകൂടിയാണിത്. അനവധി അപകടങ്ങൾ നടന്നിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.പിക്കും എം.എൽ.എയ്ക്കും അനവധി തവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
നടപടിയായി
നേരത്തേ റോഡ് ഗതാഗത യോഗ്യമാക്കുവാൻ ഫണ്ട് അനുവദിച്ചെങ്കിലും നടന്നില്ല. റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഫണ്ട് അനുവദിക്കുവാൻ നടപടികളായത്. നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാനാണ് തീരുമാനം.
ഗതാഗതം നിരോധിച്ചു
ഇരപ്പിൽ ആനപ്പെട്ടി റോഡ് ടാറിംഗ് നടക്കുന്നതിനാൽ 23, 24 ന് ആനപ്പെട്ടി മരുതുംമൂട് റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.