
തിരുവനന്തപുരം: യുവജനപ്രക്ഷോഭങ്ങളുടെ തീക്കനൽ വിദ്യാർത്ഥികളെ ക്ലാസ്‌മുറികളിൽ നിന്ന് അകറ്റിയ കാലം. അക്കാലത്ത് വിദ്യാർത്ഥികളെ സ്നേഹപൂർവം ശാസിച്ച ഒരു ടീച്ചറമ്മയുണ്ടായിരുന്നു, എഴുത്തുകാരിയും അദ്ധ്യാപികയുമായ പ്രൊഫ.ബി.സുലോചനാ നായർ. ആരോടും അമിതമായി ദേഷ്യപ്പെടാത്ത ടീച്ചറുടെ നിര്യാണം അവശേഷിപ്പിച്ചത് നിസ്വാർത്ഥമായ അദ്ധ്യാപനജീവിതത്തിന്റെ ഓർമ്മകളാണ്. ഗവ.വിമൻസ് കോളേജ്, എൻ.എസ്.എസ് വനിതാ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, തലശേരി ബ്രണൻ കോളേജ് എന്നിവിടങ്ങളിൽ പ്രൊഫസറായും ലക്ചററായും പ്രവർത്തിച്ചു.
യൂണിവേഴ്സ്റ്റി കോളേജിൽ 1962-63 ബാച്ചിൽ മുൻമന്ത്രി സി. ദിവാകരൻ ഉൾപ്പെടെയുള്ള ശിഷ്യഗണങ്ങൾ സുലോചന ടീച്ചറുടെ സ്നേഹത്തണലിൽ പരിലസിച്ചു. അന്ന് ടീച്ചർ മലയാളം വിഭാഗത്തിലെ പ്രൊഫസറായിരുന്നു. മാഗസിൻ എഡിറ്ററായിരുന്ന തന്നോട് ടീച്ചർക്ക് മകനോടുള്ള വാത്സല്യമായിരുന്നെന്ന് സി.ദിവാകരൻ ഓർക്കുന്നു. 'ഇയാൾക്ക് സ്വീകരണം കൊടുക്കണം വല്ലപ്പോഴുമല്ലേ ക്ലാസിൽ വരു...' ടീച്ചർ തമാശപറയും. തിരഞ്ഞെടുപ്പ് കാലത്ത് തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കോൺഗ്രസ് നേതാവ് പ്രൊഫ.ജി.ബാലചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ എന്നിവരും ടീച്ചറുടെ ശിഷ്യരായിരുന്നു.
വേറിട്ട ചിന്തകൾ
വിദ്യാർത്ഥികൾക്ക് വീട്ടിൽ ഭക്ഷണം നൽകുന്നതും സാഹിത്യചർച്ചകൾ നടത്തുന്നതും ടീച്ചറുടെ പതിവായിരുന്നു. അത്തരം ചർച്ചകളിലൂടെ ഭാഷാസ്നേഹം വളർന്ന് കാവ്യലോകത്തെത്തിയവരിൽ കവി വി. മധുസൂദനൻ നായരുമുണ്ട്. സുലോചനാ നായരുടെ 'ഭാഗവതം അമർത്യതയുടെ സംഗീതം' എന്ന പുസ്തകത്തിന് ആമുഖം എഴുതിയതും ഈ ശിഷ്യനാണ്. അദ്ധ്യാപികയായിരുന്നപ്പോൾ തന്നെ അദ്ധ്യാത്മികതയോടും താത്പര്യമുണ്ടായിരുന്നു.
വിവേകാനന്ദൻ കവിയും ഗായകനും, തീർത്ഥഭൂമികൾ, ശ്രീരാമകൃഷ്ണ പരമഹംസൻ, ഏകാകിനികൾ, തേജസ്വിനികൾ, നവോത്ഥാന സദസിലെ അമൃതതേജസ് എന്നീ കൃതികളിൽ ആത്മീയചിന്തകൾ പ്രകടമാണ്. കവയിത്രി സുഗതകുമാരിയുടെ അഭയ എന്ന സംഘടനയുമായി ചേർന്ന് അഗതികളായ സ്ത്രീകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.