തിരുവനന്തപുരം: സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യ മലയാളിയായ വടകര കീഴരിയൂർ സ്വദേശി ശാരിക എ.കെ ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിൽ നിന്ന് കഴിഞ്ഞ ദിവസം ശാരികയ്ക്ക് നിയമന ഉത്തരവ് ലഭിച്ചു.
ജന്മനാ സെറിബ്രൽ പാൾസി രോഗബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് സിവിൽ സർവീസിൽ 922-ാംറാങ്ക് നേടിയത്. ഭിന്നശേഷിക്കാർക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാഡമി സ്ഥാപകനും എഴുത്തുകാരനും,മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ആരംഭിച്ച 'പ്രൊജക്റ്റ് ചിത്രശലഭം' പദ്ധതിയാണ് ശാരികയ്ക്ക് ഈ നേട്ടം വരിക്കാൻ സഹായിച്ചത്. കഴിഞ്ഞ വർഷം വീൽ ചെയറിൽ നിന്നും സിവിൽ സർവീസ് ലഭിച്ച ഷെറിൻ ഷഹാനയും ഈ പദ്ധതിയുടെ ഭാഗമായിരുന്നു.
ഇടതുകൈയിലെ മൂന്ന് വിരലുകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന ശാരിക കീഴരിയൂർ എരേമ്മൻകണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. സഹോദരി ദേവിക (പ്ലസ് ടു). 2024ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായ ശാരിക ജനുവരി 30ന് ഡൽഹിയിൽ നടന്ന ഇൻറർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈനായും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു 'പ്രൊജക്റ്റ് ചിത്രശലഭം'പദ്ധതിയിൽ പരിശീലനം.